ജോൺസന് സ്നേഹതണലായി അയർലൻഡിലെ 10 മലയാളികൾ കുടുബങ്ങൾ
Friday, January 17, 2020 8:32 PM IST
വാഴത്തോപ്പ്, ഇടുക്കി: കിടപ്പുരോഗിയായ ജോൺസനും കുടുംബത്തിനും സ്നേഹതണലായി അയർലൻഡിലെ പേരു വെളിപ്പെടുത്താത്ത 10 മലയാളി കുടുംബങ്ങൾ. തടിപ്പണിക്കാനായിരുന്ന വാഴത്തോപ്പ് കൊച്ചു കരിമ്പൻ നട്ടാർവേലിൽ ജോൺസൻ ജോസ് 2017ൽ സ്ട്രോക്ക് വന്നതിനെതുടർന്നു തളർന്നു കിടപ്പിലായി. തുടർ ചികിത്സക്കായി ഉണ്ടായിരുന്നതും കടം മേടിച്ചും തകർന്നിരിക്കുന്പോഴാണ് 2018ൽ ഉണ്ടായ പ്രകൃതിദുരന്തം ഇവരുടെ ജീവിതത്തിലേക്ക് വില്ലനായി കടന്നുവന്നത്. ശക്തമായ മഴയിൽ ഇവരുടെ വീട് പൂർണമായും വാസയോഗ്യമല്ലാതായി.

ഒടുവിൽ സർക്കാരിന്‍റെ സഹായം തേടി ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും ലഭിക്കാതെ വന്നപ്പോൾ വാഴത്തോപ്പ് ആരാധനാമഠം ആണ് വീട് വയ്ക്കാൻ സ്ഥലം സൗജന്യമായി നൽകി ജോൺസന്‍റെയും കുടുംബത്തിന്‍റേയും രക്ഷയ്ക്കെത്തിയത്.

തുടർന്നു ജോൺസന്‍റെ ദയനീയ അവസ്ഥ കേട്ടറിഞ്ഞ അയർലൻഡിലെ 10 കുടുബങ്ങൾ ചേർന്നു തങ്ങളുടെ ആഘോഷങ്ങൾ ഒഴിവാക്കി സമാഹരിച്ച തുക കൊണ്ട് ഈ സ്ഥലത്ത് ഒരു സുന്ദര ഭവനം ഒരുക്കി നൽകുകയായിരുന്നു. 8 മാസങ്ങൾ കൊണ്ടാണ് ഈ ഭവനം പൂർത്തീകരിച്ചത്.

ഭവനത്തിന്‍റെ വെഞ്ചിരിപ്പ് ജനുവരി 19നു (ഞായർ) വൈകുന്നേരം 4 നു ഇടുക്കി രൂപത ബിഷപ് ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എപി, റോഷി അഗസ്റ്റിൻ എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.