ജര്‍മന്‍ എംപിയുടെ ഓഫിസിനു നേരെ ആക്രമണം
Thursday, January 16, 2020 9:50 PM IST
ബര്‍ലിന്‍: ആഫ്രിക്കന്‍ വംശജനും ജര്‍മനിയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എംപി കറംബ ഡയാബിയുടെ മണ്ഡല ഓഫീസിന്‍റെ ജനാലയില്‍ വെടിയുണ്ടയേറ്റ പാടുകള്‍ കണ്ടെത്തി. എംപി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.

മൂന്നു പാടുകളാണ് കണ്ടെത്തിയിട്ടുള്ളത്. പോലീസും സുരക്ഷാ ഏജന്‍സികളും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ലൈപ്സീഗിനടുത്തുള്ള ഹാലി മണ്ഡലത്തെയാണ് ഡയാബി പാര്‍ലമെന്‍റില്‍ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെമിറ്റിക് വിരുദ്ധ ആക്രമണത്തില്‍ രണ്ടു കൊല്ലപ്പെട്ട സ്ഥലമാണിത്.

അക്രമികള്‍ എയര്‍സോഫ്റ്റ് ഗണ്‍ പോലെ എന്തോ ആണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ അന്വേഷണോദ്യോഗസ്ഥരുടെ നിഗമനം. ഇരട്ട ഗ്ളാസുള്ള ജനാലയുടെ രണ്ടാത്തെ ഗ്ലാസ് വെടിയുണ്ടയേറ്റ് തുളഞ്ഞിട്ടില്ല.

അവിശ്വസനീയവും അസ്വാസ്ഥ്യജനകവുമാണ് ആക്രമണമെന്നും ഇതിനു പിന്നില്‍ ഭീരുക്കളാണെന്നും വിദേശമന്ത്രി ഹെയ്കോ മാസ് പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍