ഒത്തുതീര്‍പ്പില്ല; ഹാരിയും മെഗാനും സ്ഥാനത്യാഗം ചെയ്യുന്നതിനു രാജ്ഞിയുടെ അനുമതി
Tuesday, January 14, 2020 9:30 PM IST
ലണ്ടന്‍: ബ്രിട്ടനിലെ ഹാരി രാജകുമാരനുമായി എലിസബത്ത് രാജ്ഞി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. ബ്രിട്ടനിലെ പ്രഭുപദവി ഒഴിവാക്കാനും പൊതുജീവിതം ഉപേക്ഷിക്കാനുമുള്ള ഹാരിയുടെയും ഭാര്യ മേഗന്‍ മാര്‍കലിന്‍ററും തീരുമാനത്തിന് ഒടുവില്‍ രാജ്ഞിയുടെ അംഗീകാരമായി.

ഇരുവര്‍ക്കും സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാനും ബ്രിട്ടനിലും പുറത്തുമായി ജീവിക്കാനും അനുമതി നല്‍കുന്നതായി രാജ്ഞി വ്യക്തമാക്കി. രാജ്ഞി, മകനും അവകാശിയുമായ ചാള്‍സ് രാജകുമാരന്‍, ചാള്‍സിന്‍റെ മക്കളായ വില്യം, ഹാരി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കിഴക്കന്‍ ഇംഗ്ളണ്ടിലെ നോര്‍ഫോക്കിലായിരുന്നു യോഗം. ചര്‍ച്ച ഏറെ ക്രിയാത്മകമായിരുന്നെന്ന് എലിസബത്ത് രാജ്ഞി വ്യക്തമാക്കി.

ഹാരിക്കും മേഗനും എല്ലാ പിന്തുണയും നല്‍കും. രാജകുടുംബത്തിലെ ചുമതലകളുമായി ഇരുവരും ഇവിടെത്തന്നെ തുടരണമെന്നായിരുന്നു ആഗ്രഹമെങ്കിലും അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കണമെന്ന ആഗ്രഹത്തെ അംഗീകരിക്കുന്നെന്നും രാജ്ഞി പറഞ്ഞു.

കിരീടാവകാശി ചാള്‍സിന്‍റേയും മുന്‍ ഭാര്യ ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകന്‍ ഹാരി 2016 ലാണ് മേഗന്‍ മാര്‍കലിനെ മിന്നുകെട്ടിയത്. സസെക്സ് പ്രഭുവും പ്രഭ്വിയുമായി ഇരുവരും അവരോധിക്കപ്പെട്ടെങ്കിലും ജ്യേഷ്ഠന്‍ വില്യവുമായി പ്രശ്നങ്ങളുണ്ടാവുകയും ഇതു മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇതിന്‍റെ തുടര്‍ച്ചയായാണ് രാജകുടുംബത്തില്‍നിന്ന് വിട്ടുപോകുകയാണെന്ന് ഇരുവരും ചേര്‍ന്ന് പ്രഖ്യാപിച്ചത്.

പ്രഭുപദവി ഉപേക്ഷിക്കാന്‍ ഹാരിയെയും മേഗനെയും നിര്‍ബന്ധിച്ചതിനു പിന്നില്‍, മേഗന്‍ നേരിട്ട കടുത്ത വംശവെറികൂടി കാരണമായെന്ന് ആക്ഷേപമുണ്ട്. പിതാവ് വെള്ളക്കാരനാണെങ്കിലും ആഫ്രിക്കന്‍ അമേരിക്കക്കാരിയാണ് മേഗന്‍റെ മാതാവ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍