ലോകത്തെ ഏറ്റവും മികച്ച ചെറുനഗരം ലോസേന്‍
Saturday, November 30, 2019 9:20 PM IST
ജനീവ: അന്താരാഷ്ട്ര ഒളിമ്പിക് സമിതിയുടെ ആസ്ഥാനം എന്ന നിലയിലാണ് സ്വിസ് നഗരമായ ലോസേന്‍റെ പ്രസക്തി. അന്താരാഷ്ട്ര സ്പോര്‍ട്സ് അപ്പീല്‍ കോടതിയും ഇവിടെ സ്ഥിതി ചെയ്യുന്നു. എന്നാല്‍, ഇനി ലോകത്തെ ഏറ്റവും മികച്ച ചെറുനഗരം എന്ന സ്ഥാനം കൂടി ലോസേന് അവകാശപ്പെടാം.

ജനീവ തടാകത്തിന്‍റെ കരയില്‍ സ്ഥിതി ചെയ്യുന്ന ഈ മധ്യകാല നഗരത്തെ മോണോക്കിള്‍ മാഗസിന്‍റെ സ്മോള്‍ സിറ്റീസ് ഇന്‍ഡക്സിലാണ് ലോകത്തെ ഏറ്റവും മികച്ച ചെറു നഗരമായി ലോസേന്‍ തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ടു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള ലോക നഗരങ്ങളെയാണ് റാങ്കിംഗില്‍ പരിഗണിച്ചിരിക്കുന്നത്. പൊതു ഗതാഗത ശൃംഖല, ആഗോള കാഴ്ചപ്പാട്, ജനസംഖ്യയിലെ വൈവിധ്യം, സ്വാഭാവിക പ്രകൃതി തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഇരുപത്തഞ്ച് നഗരങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നഗരത്തെ ആസ്ഥാനമാക്കിയിരിക്കുന്ന ബഹുരാഷ്ട്ര കമ്പനികളുടെ എണ്ണവും റാങ്കിംഗിനെ സ്വാധീനിച്ചു. എന്നിട്ടും 137,000 മാത്രമാണ് ഇവിടത്തെ ജനസംഖ്യ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ