ഡ്രെസ്ഡന്‍ മ്യൂസിയത്തില്‍ നിന്നു മോഷണം പോയ വസ്തുക്കളില്‍ 49 കാരറ്റ് രത്നവും
Friday, November 29, 2019 2:29 AM IST
ഡ്രെസ്ഡന്‍: ജര്‍മനിയിലെ ഡ്രസ്ഡന്‍ മ്യൂസിയത്തില്‍ നിന്നു മോഷണം പോയ അമൂല്യ വസ്തുക്കളില്‍ 49 കാരറ്റ് വരുന്ന രത്നവും ഉള്‍പ്പെടുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചു. 12 മില്യൺ ഡോളറാണ് ഇതിനു കണക്കാക്കുന്ന വില.

ഡ്രെസ്ഡന്‍ റോയല്‍ പാലസിലെ ഗ്രീന്‍ വോള്‍ട്ട് മ്യൂസിയത്തിലാണ് ഈ വന്‍ മോഷണം നടന്നത്. വലുതും ചെറുതുമായ 779 രത്നങ്ങള്‍ പതിപ്പിച്ച വാളും മോഷണം പോയവയില്‍പ്പെടുന്നു.

ഡ്രസ്ഡന്‍ വൈറ്റ് എന്ന രത്നമാണ് നഷ്ടപ്പെട്ടവയില്‍ ഏറ്റവും വിലയേറിയത്. ഇത് പതിനെട്ടാം നൂറ്റാണ്ടില്‍ സംസ്കരിച്ചെടുത്തതാണ്.

മ്യൂസിയത്തിലേക്കുള്ള വൈദ്യുതി കണക്ഷന്‍ കട്ട് ചെയ്ത് അലാം ഓഫ് ചെയ്ത ശേഷമായിരുന്നു കവര്‍ച്ച. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ മഴു ഉപയോഗിച്ച് കെയ്സ് തകര്‍ക്കുന്നതു വ്യക്തമാണ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍