ജര്‍മനിയിലെ പാക്കേജിംഗ് വേസ്റ്റില്‍ റിക്കാർഡ് വര്‍ധന
Tuesday, November 19, 2019 10:11 PM IST
ബര്‍ലിന്‍: ഒരു ജര്‍മന്‍കാരന്‍ ശരാശരി ഒരു വര്‍ഷം ഉപേക്ഷിക്കുന്ന പാക്കേജിംഗ് മാലിന്യം ശരാശരി 226.6 കിലോഗ്രാം. 2017 വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കി നോക്കിയാൽ ഇതു സര്‍വകാല റിക്കാർഡാണ്.

18.7 മില്യൺ ടണ്‍ പാക്കേജിംഗ് വേസ്റ്റാണ് 2017ല്‍ ജര്‍മന്‍കാര്‍ ആകെ ഉപേക്ഷിച്ചത്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം വര്‍ധന. ഇതില്‍ സ്വകാര്യ മേഖലയുടേതാണ് 47 ശതമാനം.

ഓണ്‍ലൈന്‍ ഷോപ്പിംഗിനു വര്‍ധിച്ചു വരുന്ന സ്വീകാര്യത, ഭക്ഷണവും പാനീയങ്ങളും ടെയ്ക്ക് എവേ ആയി വാങ്ങുന്ന പ്രവണതയുടെ വ്യാപനം എന്നിവയാണ് പാക്കേജിംഗ് വേസ്റ്റ് കൂടാന്‍ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഭക്ഷണം പാഴ്സല്‍ വാങ്ങുന്നവര്‍ ചെറിയ അളവില്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നതു കാരണം ആനുപാതികമായി പാക്കേജ് വേസ്റ്റ് വര്‍ധിക്കുകയാണ് ചെയ്യുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വേസ്റ്റ് പരമാവധി വഴിവാക്കാന്‍ ഒട്ടനവധി പദ്ധതികള്‍ സര്‍ക്കാരും മറ്റും മുന്തിയ കമ്പനികളും ഷോപ്പുകളും നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയെങ്കിലും ഒന്നും യഥാര്‍ത്ഥ ലക്ഷ്യം കാണാതെ പോവുന്ന പ്രവണതയാണ് കാണുന്നത്. പരിസ്ഥിതി മലനീകരണത്തിനെതിരെ മെര്‍ക്കല്‍ സര്‍ക്കാര്‍ ശക്തമായ നീക്കം നടത്തുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ ലക്ഷ്യം ഇപ്പോഴും ഏറെ അകലെയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ