അയർലൻഡിൽ മലയാളികൾക്കുനേരെ വംശീയാക്രമണം
Tuesday, November 19, 2019 8:01 PM IST
ഡബ്ലിന്‍: ഡബ്ലിനിൽ മലയാളികള്‍ക്കുനേരെ ആക്രമണം. ഫിംഗ്ലസ് ബാലിഗാള്‍ മദര്‍ ഓഫ് ഡിവൈന്‍ ഗ്രേസ് സ്‌കൂളിനു സമീപമാണ് ആക്രമണം ഉണ്ടായത്. റോഡരുകിൽ സംസാരിച്ചു നില്‍ക്കുകയായിരുന്ന അഞ്ചംഗ സംഘത്തിനു നേരെ അതുവഴി പോയ കാർ പുറകോട്ടെടുത്തു വന്ന ശേഷമാണ് ആക്രമണം നടത്തിയത്.

"നിങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് മടങ്ങൂ' എന്ന് അക്രമി ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഒരാള്‍ക്ക് കാറിന്‍റെ മുൻഭാഗത്തു വീണാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഡബ്ലിൻ മേറ്റര്‍ പബ്ലിക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

’ ഗോ യുവര്‍ പ്‌ളേസസ് ‘എന്നാക്രോശിച്ചു കൊണ്ടു വാഹനം ഇടിപ്പിച്ചതിനാൽ ഇതിനെ ഇന്ത്യക്കാർക്ക് നേരെയുള്ള വംശീയമായ ആക്രമണമായാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

സംഭവത്തെ നിസാരമായി കാണാതെ കുറ്റക്കാർക്കെതിരെ തക്കനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ