ദയാവധത്തിനെതിരേ മാർപാപ്പ
Saturday, September 21, 2019 9:01 PM IST
വത്തിക്കാൻ സിറ്റി: അസിസ്റ്റഡ് സൂയിസൈഡ് അനുവദിക്കുന്നത് ഇറ്റാലിയൻ കോടതി പരിഗണിക്കാനിരിക്കെ ദയാവധത്തിനെതിരേ രൂക്ഷ വിമർശവുമായി ഫ്രാൻസിസ് മാർപാപ്പ.

മരണം ആഗ്രഹിക്കുന്ന രോഗിയെ മരുന്നുപയോഗിച്ച് അതിനു സഹായിക്കാനുള്ള പ്രവണത പൂർണമായി ഒഴിവാക്കേണ്ടതാണെന്ന് മാർപാപ്പ വ്യക്തമാക്കി.

മരണം ഉറപ്പായ രോഗികൾക്ക് അത് അനായാസമാക്കാനുള്ള നടപടികൾ പരിഗണിക്കാൻ ഇറ്റലിയിലെ ഭരണഘടനാ കോടതി ചൊവ്വാഴ്ച പ്രത്യേകം സെഷൻ വിളിച്ചിരിക്കുകയാണ്. എന്നാൽ, ദയാവധം (യൂഥനേഷ്യ) എന്ന പദം ഇതിന് ഉപയോഗിച്ചിട്ടില്ല. റോമൻ കത്തോലിക്കർ ഭൂരിപക്ഷമുള്ള രാജ്യം ഇങ്ങനെയൊരു ചർച്ചയിലേക്കു കടക്കുന്ന സാഹചര്യത്തിലാണ് സഭാധ്യക്ഷന്‍റെ നിർണായക പ്രതികരണം.

ദയാവധത്തിന്‍റെ വിഷയത്തിൽ നിലനിൽക്കുന്ന നിയമത്തിലെ പോരായ്മകൾ പരിഹരിക്കാൻ കഴിഞ്ഞ വർഷം ഒക്ടോബറിൽ കോടതി ഇറ്റാലിയൻ സർക്കാരിന് ഒരു വർഷം സമയം അനുവദിച്ചിരുന്നതാണ്. ഈ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പ്രത്യേക സെഷൻ വിളിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ