ഗിൽഫോർഡ് അയൽക്കൂട്ടത്തിന്‍റെ ഓണാഘോഷം പ്രൗഡോജ്വലമായി
Tuesday, September 10, 2019 7:14 PM IST
പൂക്കളമൊരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി മാവേലിയെ എതിരേറ്റ്
മോളി ക്ളീറ്റസ്സ്

ലണ്ടൻ: ഗിൽഫോർഡിലെ അമ്മമാർ ചേർന്ന് രൂപം നൽകിയ അയൽക്കൂട്ടം എന്ന കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വൈവിദ്ധ്യമാർന്ന പരിപാടികളോടെ സെപ്റ്റംബർ ഏഴിന് ആഘോഷിച്ചു.

കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വർണശബളമാർന്ന പരിപാടികൾ അരങ്ങേറിയത് ജേക്കബ്‌സ് വെൽ ഹാളിലായിരുന്നു. മീര രാജനും ജിഷ ബോബിയും ചേർന്ന് പൂക്കളമൊരുക്കി ആരവങ്ങളും ആർപ്പുവിളികളുമായി മാവേലി തമ്പുരാന് ഊഷ്മളമായ വരവേൽപ്പ് നൽകി ആരംഭിച്ച ആഘോഷ പരിപാടികളിൽ യുക്മ സാംസ്കാരിക വേദി രക്ഷാധികാരിയും കേരള ഗവൺമെൻറ് മലയാളം മിഷൻ യുകെ ചാപ്റ്റർ ജോയിന്‍റ് സെക്രട്ടറിയും ഗിൽഫോർഡ് നിവാസിയുമായ സി.എ. ജോസഫ് മുഖ്യാതിഥിയായിരുന്നു.

സ്നേഹവും സമാധാനവും ഉണ്ടായിരുന്ന സമത്വസുന്ദരമായ ഒരു കാലഘട്ടത്തെ ഓർമ്മപ്പെടുത്തുന്നതിനായി പ്രവാസി മലയാളികൾ സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങളിൽ പോലും പല ആളുകളിൽ നിന്നും എതിർപ്പുകളും നിസഹകരണവും ഉണ്ടാകുന്നത് ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. അയൽക്കൂട്ടത്തിന്റെ സംഘാടകർ കഴിഞ്ഞ ഒരു വർഷമായി ഗിൽഫോർഡിലെ കുട്ടികൾക്കായി നടത്തിവന്നിരുന്ന മലയാളം ക്ലാസ് മാതൃകാപരമാണെന്നും കെട്ടുറപ്പുള്ള ഒരു സംഘടന സംവിധാനമായി സാമൂഹികപ്രതിബദ്ധതയോടെ കൂടുതൽ നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയ്യുവാനും അയൽക്കൂട്ടം എന്ന ഈ കൂട്ടായ്മക്ക് കഴിയട്ടെയെന്നും ആശംസ പ്രസംഗത്തിൽ സി.എ. ജോസഫ് പറഞ്ഞു.

ഫാൻസി നിക്‌സൺ സ്വാഗതം ആശംസിച്ചു. മാവേലിയായി ബിനോദ് ജോസഫ് വേഷമിട്ടു. മോളി ക്ലീറ്റസ് , ഫാൻസി നിക്സൺ എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച തിരുവാതിര വേറിട്ട മികവ് പുലർത്തി. നിമിഷ എബിൻ,ആതിര സനു എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഓണം തീം ഡാൻസും ഏറെ മികവ് പുലർത്തി. ഇസ ആന്‍റണി, എലിസബത്ത് വിനോദ്, കിങ്ങിണി ബോബി എന്നിവർ ചേർന്ന് അവതരിപ്പിച്ച നാടോടി നൃത്തം തിരുവോണത്തിന്‍റെ ഓർമ്മകൾ സമ്മാനിച്ചു. കെവിൻ ക്ലീറ്റസ് ,ജേക്കബ് വിനോദ് , ഗീവർ ഷിജു എന്നിവർ ചേർന്ന ടീം നയിച്ച വള്ളംകളിയും കാണികൾക്ക് മനോഹരമായ ദൃശ്യവിരുന്നൊരുക്കി.

തുടർന്നു വനിതകൾക്കും പുരുഷന്മാർക്കും ആയി പ്രത്യേകമായി സംഘടിപ്പിച്ച വടംവലി മത്സരത്തിൽ എല്ലാവരും ആവേശപൂർവം പങ്കെടുത്തു. വാശിയേറിയ വനിതകളുടെ വടംവലി മത്സരത്തിൽ ആതിര സനു നയിച്ച ടീം ആണ് വിജയിച്ചത് . അത്യധികം വാശിയേറിയ പുരുഷന്മാർ പങ്കെടുത്ത വടം വലി മത്സരത്തിൽ ജോയൽ ജോസഫ് നയിച്ച ടീമിനെ പരാജയപ്പെടുത്തി ജെസ് വിൻ ജോസഫ് നേതൃത്വം നൽകിയ ടീം ജേതാക്കളായി.

വിനോദകരമായ കസേരകളി മത്സരങ്ങളിലും കുട്ടികളും വനിതകളും ആഹ്ലാദത്തോടും സന്തോഷത്തോടെയുമാണ് പങ്കെടുത്തത് . കുട്ടികളുടെ മത്സരത്തിൽ കെവിൻ ക്ലീറ്റസ് വിജയിച്ചപ്പോൾ വനിതകളുടെ കസേരകളി മത്സരത്തിൽ സിംന വിജയിയായി.തുടർന്നു നടന്ന പരമ്പരാഗതരീതിയിലുള്ള 26 ഇനങ്ങളോടുകൂടിയ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവരിലും ഗൃഹാതുരത്വമുണർത്തി.

ഭക്ഷണത്തിനുശേഷം കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിച്ച വൈവിദ്ധ്യമാർന്ന കലാപരിപാടികൾ എല്ലാം വേറിട്ട മികവു പുലർത്തി. ഫാൻസി നിക്‌സൺ, ലക്ഷ്മി ഗോപി എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ബോളിവുഡ് ഡാൻസ് മികച്ച കൈയടി നേടിയപ്പോൾ ഗായകരായ നിക്‌സൺ ആൻറണി , സജി ജേക്കബ്, ജിൻസി ഷിജു, ചിന്നു ജോർജ് എന്നിവരുടെ ഹൃദ്യമായ ഗാനാലാപനങ്ങളും ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റി. കൊച്ചു നർത്തകരായ ഇവ ആൻറണി,ജോണി ബോബി, കിങ്ങിണി ബോബി, സ്റ്റീഫൻ നിക്‌സൺ, കെവിൻ ക്‌ളീറ്റസ് , എലിസബത്ത് ബിനോദ് തുടങ്ങിയവർ അവതരിപ്പിച്ച നൃത്തങ്ങൾ ഏവരുടെയും ഹർഷാരവം ഏറ്റുവാങ്ങിയപ്പോൾ കൊച്ചു ഗായകൻ ബേസിൽ ഷിജു ആലപിച്ച ഗാനം ഏറെ ആസ്വാദ്യകരവും ആയിരുന്നു.

യുവനർത്തകരായ ആന്‍റണി എബ്രഹാം,ഗോപി ശ്രീറാം, പാസ്‌ക്കൽ ഫെർണാണ്ടസ് എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച അടിപൊളി നൃത്തം കാണികളെ വിസ്മയ ഭരിതരാക്കി. ജിൻസി ഷിജു, ജിനി വിനോദ് എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് സദസിനെ ഇളക്കിമറിച്ചു. ആഘോഷങ്ങളിൽ പങ്കെടുത്തമുഴുവനാളുകളെയും ഉൾപ്പെടുത്തി അവതരിപ്പിച്ച സുംബാ ഡാൻസും ചാച്ചാ ഡാൻസും ഏവർക്കും നവ്യമായ അനുഭവമായിരുന്നു. ദേശഭക്തി നിറവിൽ ചിട്ടപ്പെടുത്തി ഗീവർ ഷിജു, ജോയൽ ബോബി, സാറാ സജി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ അവതരിപ്പിച്ച നൃത്തം കാണികൾ മുഴുവൻ ആദരവോടെ എഴുന്നേറ്റുനിന്നാണ് ആസ്വദിച്ചത്.

മോളി ക്ലീറ്റസിന്‍റെ നന്ദി പ്രസംഗത്തോടെ ആഘോഷ പരിപാടികൾക്ക് പര്യവസാനമായി