പൈലറ്റുമാർ സമരത്തിൽ : ബ്രിട്ടീഷ് എയർവേസ് സർവീസുകൾ റദ്ദാക്കി ; മാപ്പിരന്ന് കന്പനി
Monday, September 9, 2019 10:06 PM IST
ലണ്ടൻ: പൈലറ്റുമാരുടെ സമരത്തെ തുടർന്നു ബ്രിട്ടീഷ് എയർവേസിന്‍റെ ഒട്ടനവധി സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച പുലർച്ചെ മുതലാണ് 48 മണിക്കൂർ സമരം തുടങ്ങിയത്.കന്പനിയുടെ ബഹുഭൂരിപക്ഷം സർവീസുകളും റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാർ വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയിരിക്കുകയാണ്. ഏതാണ്ട് മൂന്നുലക്ഷം യാത്രക്കാരെ പണിമുടക്ക് ബാധിച്ചതായാണ് കണക്ക്. 1700 സർവീസുകളുമാണ് റദ്ദാക്കിയിരിക്കുന്നത്.

ശന്പള വർധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം തന്നെ പൈലറ്റുമാരുടെ യൂണിയൻ കന്പനിക്ക് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. സെപ്റ്റംബർ 9,10,27 എന്നീ ദിവസങ്ങളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ മുൻകൂട്ടിയറിഞ്ഞിട്ടും സർവീസുകൾ റദ്ദാക്കുന്ന കാര്യം യാത്രക്കാരെ അറിയിക്കാൻ കന്പനി കൂട്ടാക്കിയില്ല. അതോടെ യാത്രക്കാർ അക്ഷരാർഥത്തിൽ പെരുവഴിയിലുമായി. പലരും വിമാനത്താവളങ്ങളിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയ വിവരം അറിയുന്നത്.

കഴിഞ്ഞ ഒന്പത് മാസമായി പൈലറ്റുമാരും കന്പനിയും തമ്മിൽ ശന്പളവിഷയത്തിൽ ശക്തമായ തർക്കം തുടരുകയാണ്.11.5 ശതമാനം ശന്പളവർദ്ധനയാണ് പൈലറ്റുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സമരക്കാരോടും കന്പനിയോടും പ്രശ്നം അവസാനിപ്പിച്ച് പരിഹാരമുണ്ടാക്കാൻ ആവശ്യപ്പെട്ടു. സമരത്തെതുടർന്ന് ബുദ്ധിമുട്ടിലായ യാത്രക്കാരോട് കന്പനി മാപ്പിരക്കുകയും ചെയ്തു.പൈലറ്റുമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമത്തിനിടെ ഉണ്ടായ സമരത്തിൽ കന്പനി ഖേദിക്കുവെന്നാണ് കന്പനി അറിയിച്ചത്.

ചരിത്രത്തിൽ ആദ്യമായാണ് ബ്രിട്ടീഷ് എയർവേസിൽ പൈലറ്റുമാർ ആഗോള തലത്തിൽ പണിമുടക്ക് നടത്തുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ