റഷ്യയുടെ ഒഴുകുന്ന ആണവോർജ നിലയം യാത്ര തുടങ്ങി
Saturday, August 24, 2019 9:28 PM IST
മോസ്കോ: ലോകത്തെ ആദ്യ ഒഴുകുന്ന ആണവോർജ നിലയം റഷ്യൻ തീരത്തു നിന്ന് യാത്ര തുടങ്ങി. ആർട്ടിക്ക് തുറമുഖമായ മുർമാൻസ്കിൽ നിന്ന് അയ്യായിരം കിലോമീറ്റർ യാത്ര ചെയ്ത് കിഴക്കൻ മുനന്പായ ചുകോട്കയിലാണ് ഇത് എത്തിച്ചേരുക.

അക്കാഡമിക് ലോമോനോസോവ് എന്നാണ് ഈ നിലയത്തിനു റഷ്യ നൽകിയിരിക്കുന്ന പേര്. വിദൂര പ്രദേശങ്ങളിൽ വൈദ്യുതി എത്തിക്കുകയാണ് ദൗത്യം. ചുകോട്കയിലെ ചുവാൻ ബിലിബിൻ ഖനന സമുച്ചയമാണ് ഇതിലൊന്ന്. സ്വർണം അടക്കമുള്ള ഖനനം നടക്കുന്ന സമുച്ചയമാണിത്.

കാലാവസ്ഥ അത്ര അനുകൂലമല്ലാതിരിക്കുന്ന സമയത്ത് ആണവോർജ നിലയം അപ്പാടെ ഇത്തരത്തിൽ കടലിലൂടെ യാത്ര ചെയ്യുന്നത് അത്യന്തം അപകടകരമാണെന്ന് ഗ്രീൻപീസ് അടക്കമുള്ള വിമർശകർ മുന്നറിയിപ്പ് നൽകുന്നു. ആർട്ടിക് മലിനീകരണം കൂടുതൽ രൂക്ഷമാക്കാനും ലോമോനോസോവ് കാരണമാകുമെന്നാണ് ആശങ്ക.

റഷ്യയുടെ നേവൽ ടെസ്റ്റ് റേഞ്ചിൽ ആർട്ടിക്കിൽ വച്ചു തന്നെ ഒരു ആണവോർജ എൻജിൻ പൊട്ടിത്തെറിച്ച് രണ്ടാഴ്ച മാത്രം പിന്നിടുന്പോഴാണ് പുതിയ സാഹസം. പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിക്കുകയും ആണവ വികിരണ ചോർച്ച സംഭവിക്കുകയും ചെയ്തിരുന്നു.

അതേസമയം ലോകത്തിന്‍റെ മറ്റൊരു ചെർണോബിൽ ഒഴുകിത്തുടങ്ങിയെന്നാണ് അക്കാഡമിക് ലോമോനോസോവിനെപ്പറ്റി വിമർശകരുടെ ഭാഷ്യം.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ