യുക്മ കേരളാപൂരം : ആദ്യ ഹീറ്റ്‌സിൽ മാറ്റുരയ്ക്കുന്നത് നാല് ജലരാജാക്കന്മാര്‍
Saturday, August 24, 2019 3:54 PM IST
ലണ്ടൻ; മലയാളികളുടെ ജല മാമാങ്കത്തിന് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ വള്ളം കളിയിൽ പങ്കെടുക്കുന്ന ടീമുകൾ അവസാന വട്ട പരിശീലനത്തിന്‍റെ തിരക്കിലാണ്. ആയിരക്കണക്കിന് മലയാളികളെയും വള്ളം കളി പ്രേമികളെയും എതിരേൽക്കുവാൻ ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകവും പരിസരവും അണിഞ്ഞൊരുങ്ങുകയാണ്. യുക്മ കേരളാ പൂരം 2019നോട് അനുബന്ധിച്ചുള്ള മത്സരവള്ളംകളിയിൽ പങ്കെടുക്കുന്നത് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 24 ടീമുകളാണ്.

മത്സരവള്ളംകളിയില്‍ ബോട്ട് ക്ലബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളങ്ങളുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലാണ് മത്സരിക്കാനിറങ്ങുന്നത്.

പ്രാഥമിക റൗണ്ടില്‍ ആകെയുള്ള 24 ടീമുകളില്‍ നാല് ടീമുകള്‍ വീതം ആറു ഹീറ്റ്സുകളിലായി ഏറ്റുമുട്ടും. ഓരോ ഹീറ്റ്സിലും ആദ്യ രണ്ട് സ്ഥാനങ്ങള്‍ വരുന്ന ടീമുകളും (12 ടീമുകൾ ) മൂന്നാം സ്ഥാനങ്ങൾ ലഭിക്കുന്ന ആറു ടീമുകളിൽ മികച്ച സമയക്രമം അനുസരിച്ചു നാല് ടീമുകളും ചേർത്ത് ( 16 ടീമുകള്‍) സെമി-ഫൈനല്‍ മത്സരങ്ങളിലേയ്ക്ക് പ്രവേശിക്കും. പ്രാഥമിക ഹീറ്റ്സ് മത്സരങ്ങളില്‍ ഏറ്റുമുട്ടുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് നറുക്കെടുപ്പിലൂടെയാണ്.

ആദ്യ ഹീറ്റ്സിൽ പങ്കെടുക്കുന്ന ടീമുകളെ പരിചയപ്പെടാം

യുകെയിലെ കരുത്തന്മാരായ ബര്‍മ്മിങ്ഹാം ബി.സി.എംസിയുടെ സ്വന്തം ബോട്ട് ക്ലബ് മത്സരിക്കാനെത്തുന്നത് തകഴി വള്ളത്തിലാണ്. ജോളി തോമസ് ക്യാപ്റ്റനായ ടീമിന്റെ സ്പോണ്‍സേഴ്സ് ഏലൂർ കൺസൾട്ടൻസിയാണ് . യുക്മ കായിക മേളകളിലും ഓൾ യുകെ വടംവലി മത്സരങ്ങളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ബിസിഎംസി കഴിഞ്ഞ വർഷത്തെ വള്ളംകളിയിൽ അഞ്ചാം സ്ഥാനത്തായിരുന്നു.

കഴിഞ്ഞ തവണ അമ്പലപ്പുഴ ചുണ്ടനിൽ തുഴഞ്ഞ ജഗദീഷ് നായരും സംഘവും ഇത്തവണ കരുവാറ്റ ചുണ്ടനിലാണ് മത്സരത്തിനെത്തുന്നത്.വള്ളം മാറിയതിനൊപ്പം ശ്രീവിനായക എന്ന പേരിൽ പുതിയ പുതിയ ബോട്ട് ക്ലബും രൂപീകരിച്ചിരിക്കുകയാണ് എക്കാലവും യുക്മയുടെ സന്തത സഹചാരിയും വള്ളംകളി പ്രേമിയുമായ അദ്ദേഹം, ക്ലബിന്‍റെ നോട്ടിംഗ്ഹാമിൽ നിന്നുള്ള ആക്സിഡന്‍റ് സൊലൂഷൻസ് ആണ് .

ഇതാദ്യമായാണ് കമ്യൂണിറ്റി ബര്‍ട്ടണ്‍ ഓണ്‍ ട്രൻഡ് വള്ളംകളിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. വേമ്പനാട് ചുണ്ടനാണ് അവരുടെ വള്ളം. ജോർജ് നേതൃത്വം നൽകുന്ന സംഘത്തിലെ തുഴക്കാർ ഏതൊരു ടീമിനോടും കിടപിടിക്കാൻ പോന്നവരാണ്.ക്ലബ്ബിന്‍റെ സ്പോണ്‍സേഴ്സ് സീക്കോം അകൗണ്ടൻസി സർവീസസ് ആണ്.

ചരിത്രപ്രസിദ്ധമായ ചമ്പക്കുളം വള്ളം തുഴയാനിറങ്ങുന്നത് വാറിംഗ്ടൺ ബോട്ട് ക്ലബിന്‍റെ ചുണക്കുട്ടികളാണ് .ജോജോ തിരുനിലം നയിക്കുന്ന ടീം കഠിനമായ പരിശീലനത്തിന്‍റേയും പരിചയ സമ്പത്തിന്റെയും പിൻബലത്തിൽ ഇത്തവണത്തെ കറുത്ത കുതിരകൾ ആകുവാനുള്ള ഉറച്ച തീരുമാനത്തിലാണ്.ക്ലബ്ബിന്‍റെ സ്പോണ്‍സേഴ്സ് ഗ്രീൻ പാം മറൈൻ കൺസൾട്ടൻസി ലിമിറ്റഡ് ആണ്.

റിപ്പോർട്ട്: ജേക്കബ് കോയിപ്പള്ളി