അഭയാര്‍ഥിത്വം നിഷേധിക്കപ്പെട്ടവര്‍ക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്
Saturday, August 24, 2019 12:00 PM IST
ബേണ്‍: അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ട വിദേശികള്‍ക്ക് രാജ്യത്ത് സമ്പൂര്‍ണ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ഇതിനുള്ള നിയമ ഭേദഗതിയുടെ കരട് തയാറായിക്കഴിഞ്ഞു.

ഇതു നടപ്പാകുന്നതോടെ, താത്കാലിക പെര്‍മിറ്റ് മാത്രമുള്ള നാല്‍പ്പതിനായിരത്തോളം പേര്‍ക്ക് വിദേശ രാജ്യങ്ങളിലേക്കു യാത്ര ചെയ്യാന്‍ കഴിയാതെ വരും. അഭയാര്‍ഥിത്വ അപേക്ഷ നിരസിക്കപ്പെട്ടിട്ടും, സുരക്ഷാ പ്രശ്‌നങ്ങളുള്ളതിനാല്‍ സ്വന്തം രാജ്യത്തേക്കു നാടുകടത്താന്‍ കഴിയാത്തവരാണ് ഈ ഗണത്തില്‍ വരുന്നത്.

സ്വന്തം രാജ്യത്തേക്ക് സ്വമേധയാ പോകുന്നവര്‍ക്കാകട്ടെ, സ്വിറ്റ്‌സര്‍ലന്‍ഡില്‍ താമസിക്കാന്‍ അവകാശം നഷ്ടപ്പെടുകയും ചെയ്യും. തിരിച്ചു വരാനുള്ള വ്യക്തമായ പദ്ധതിയോടെ ഹ്രസ്വകാല യാത്ര നടത്തുന്നവര്‍ക്കു മാത്രം പ്രത്യേക സാഹചര്യങ്ങളില്‍ ഇളവ് ലഭിക്കും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍