ബാക്ക്സ്റ്റോപ്പ് പ്രശ്നം 30 ദിവസം കൊണ്ട് പരിഹരിക്കാം: മെർക്കൽ
Thursday, August 22, 2019 9:40 PM IST
ബർലിൻ: ഐറിഷ് ബാക്ക്സ്റ്റോപ്പ് സംബന്ധിച്ച് ബ്രെക്സിറ്റ് പിൻമാറ്റ കരാറിൽ തുടരുന്ന തർക്കം മുപ്പതു ദിവസത്തിനുള്ളിൽ പരിഹരിക്കാൻ സാധിക്കുമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ.

ബ്രെക്സിറ്റ് നടപ്പാക്കാൻ പ്രായോഗികമായ സമയക്രമം നിശ്ചയിക്കുക എന്നത് യുകെയുടെ ഉത്തരവാദിത്വമാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനുമൊത്ത് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ മെർക്കൽ പറഞ്ഞു.

പ്രധാനമന്ത്രി ആയശേഷം ആദ്യമായാണ് ജോണ്‍സണ്‍ ഒരു വിദേശ രാജ്യം സന്ദർശിച്ച് രാഷ്ട്ര നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്. ബ്രെക്സിറ്റ് നടപ്പാകുന്പോൾ അയർലൻഡ് അതിർത്തിയിലെ നിയന്ത്രണങ്ങൾ കർക്കശമാകാത്ത രീതിയിലുള്ള വ്യവസ്ഥയാണ് മുൻ പ്രധാനമന്ത്രി തെരേസ മേ തയാറാക്കിയ പിൻമാറ്റ കരാറിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതാണ് ഐറിഷ് ബാക്ക്സ്റ്റോപ്പ് എന്നു പറയുന്നത്. ഈ വ്യവസ്ഥ പൂർണമായി എടുത്തു കളയണമെന്നാണ് ജോണ്‍സന്‍റെ ആവശ്യം.

ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ പുറപ്പെട്ടിരിക്കുന്ന ജോണ്‍സണ്‍ അതിനു മുൻപ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായും കൂടിക്കാഴ്ച നടത്തും.

കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കിയാൽ ഉണ്ടാകാൻ പോകുന്ന സാന്പത്തിക പ്രത്യാഘാതങ്ങൾക്കെതിരെ ആംഗല മെർക്കൽ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. യൂറോപ്പിന്‍റെ സാന്പത്തിക വിഹായസ് ഇപ്പോൾ മേഘാവൃതമാണ്. ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്നതിന്‍റെ ആഗോള പ്രത്യാഘാതങ്ങൾ ഇതിനകം തന്നെ നമുക്ക് തലവേദന സൃഷ്ടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയുമത് വഷളാകാൻ അനുവദിക്കില്ല. ഹാർഡ് ബ്രെക്സിറ്റിന്‍റെ ശക്തനായ വക്താവാണ് ജോണ്‍സണ്‍.

കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പായാൽ യൂറോപ്യൻ യൂണിയനിലാകമാനം 1.7 മില്യൺ തൊഴിൽ നഷ്ടമുണ്ടാകുമെന്നും അതിൽ മൂന്നു ലക്ഷം ജർമനിയിലായിരിക്കുമെന്നുമാണ് കണക്കാക്കുന്നത്.

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ