വടക്കൻ അയർലൻഡിൽ മാധ്യമ പ്രവർത്തക വെടിയേറ്റു മരിച്ചു
Saturday, April 20, 2019 8:05 PM IST
ലണ്ടൻ: വടക്കൻ അയർലൻഡിൽ മാധ്യമപ്രവർത്തക വെടിയേറ്റ് മരിച്ചു. ലിറ മക്കീ എന്ന ഇരുപത്തൊന്പതുകാരിയാണ് ലണ്ടൻ ഡെറിയിലെ ക്രെഗ്ഗാൻ മേഖലയിൽ അജ്ഞാതന്‍റെ വെടിയേറ്റു മരിച്ചത്. സംഭവം ഭീകരാക്രമണമാണെന്നാണ് പോലീസ് നിഗമനം.

2016-ലെ ലോകത്തെ മികച്ച 30 മാധ്യമപ്രവർത്തകരുടെ ഫോബ്സ് മാഗസിന്‍റെ പട്ടികയിൽ ലിറ ഇടം നേടിയിരുന്നു. അറ്റ്ലാന്‍റിക് മാഗസിൻ, ബസ്ഫീഡ് ന്യൂസ് എന്നീ മാധ്യമങ്ങളിലാണ് ലിറ പ്രവർത്തിച്ചിരുന്നത്. കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ലണ്ടൻ ഡെറിയിൽ വാഹനങ്ങൾ അക്രമികൾ കത്തിക്കുന്നതിന്‍റെയും പോലീസ് വാഹനങ്ങൾക്കു നേരെ പെട്രോൾ ബോംബ് എറിയുന്നതിന്‍റെ ചിത്രം ലിറ സാമൂഹികമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഡെറി ഇന്ന് രാത്രി, തികച്ചും ഭ്രാന്തം എന്നായിരുന്നു ചിത്രത്തിന് അവർ നൽകിയ തലക്കെട്ട്.

മുഖംമറച്ചെത്തിയ അക്രമി ലിറയ്ക്കുനേരെ നിറയൊഴിക്കുകയായിരുന്നെന്നും ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും ക്രെഗ്ഗാൻ അസിസ്റ്റന്‍റ് ചീഫ് കോണ്‍സ്റ്റബിൾ മാർക്ക് ഹാമിൽട്ടണ്‍ പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയെ പിന്തുണയ്ക്കുന്നയാളാണ് അക്രമിയെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.

1961-ൽ ബ്രിട്ടീഷ് ഭരണത്തിനെതിരേ ഉത്തര അയർലൻഡിലുണ്ടായ വിപ്ലവത്തിന്‍റെ വാർഷികാഘോഷങ്ങളിലെ ബ്രിട്ടീഷ് അധികൃതരുടെ സാന്നിധ്യം കാരണം ഇവിടെ കലാപ സമാനമായ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ബ്രിട്ടീഷ് ഭരണത്തെ എതിർക്കുന്നവരാണ് റിപ്പബ്ലിക്കൻ പാർട്ടി. പുരാതനകാലങ്ങളിലേക്ക് തങ്ങളെ തള്ളിയിടാൻ അക്രമവും വെറുപ്പും ഭയവും പടർത്താൻ ആരെയും അനുവദിക്കില്ലെന്ന് ഉത്തര അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാഡ്കർ പറഞ്ഞു. മാധ്യമപ്രവർത്തക കൊല്ലപ്പെട്ട വാർത്ത ഞെട്ടിക്കുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ പ്രതികരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ