രാജ്യത്തിനും ജനാധിപത്യത്തിനും വെല്ലു വിളിയുയർത്തുന്ന ദുർഭരണം നാടിനു കൊടിയ ഭീഷണി: കമൽ ദാളിവാൽ
Wednesday, April 17, 2019 10:57 PM IST
സ്റ്റീവനേജ്: അഖണ്ഡ ഭാരതം,നാനാത്വത്തിൽ ഏകത്വം,വിശ്വാസ സംരക്ഷണം, ഭക്ഷണവും വസ്ത്രവും തീരുമാനിക്കുവാനുള്ള അവകാശം തുടങ്ങി പഴയ സ്വാതന്ത്ര ലബ്ദിയുടെ ജനാധിപത്യ ഭാരത സംസ്കാരം ഊട്ടി ഉറപ്പിക്കുവാനുള്ള അവസാന അവസരമാണിതെന്നും ആസന്നമായ തെരഞ്ഞെടുപ്പിലൂടെ ഭാരത ജനതയ്ക്ക് മുമ്പാകെ കോൺഗ്രസ് സുരക്ഷിത ഭാരത വാഗ്ദാനം ആണ് നൽകുന്നതെന്നും' ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് - യുകെ അധ്യക്ഷൻ കമൽ ദാളിവാൽ. ഇന്ത്യൻ ഓവർസീസ്‌ കോൺഗ്രസ് നോർത്ത് റീജിയണിന്‍റെ നേതൃത്വത്തിൽ സ്റ്റീവനേജിൽ നടത്തപ്പെട്ട യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമൽ.

'വികസന ഇന്ത്യ, അധഃകൃതരുടെയും പാവപ്പെട്ടവരുടെയും കർഷകരുടെയും മതന്യൂന പക്ഷങ്ങളുടെയും സുരക്ഷിതഭാവി എന്നിവ ആണ് തെരഞ്ഞെടുപ്പ് വാഗ്ദാനം ആയി കോൺഗ്രസ് ഉയർത്തിക്കാണിക്കുന്നത്. ഭാരത രക്ഷക്കായി ഇന്ത്യൻനാഷണൽ കോൺഗ്രസിനെ വീണ്ടും ഭരണ തലത്തിലെത്തിക്കുവാനും ജനഹൃദയ നായകനായ രാഹുൽ ഗാന്ധിയെ നാടിന്‍റെ നേതൃത്വം ഏൽപ്പിക്കുവാനും ആസന്നമായ തെരഞ്ഞെടുപ്പിൽ ഏവരുടെയും നിർലോഭമായ അധ്വാനം ഉണ്ടാവണമെന്നും' കമൽ കൂട്ടിചേർത്തു.

യോഗത്തെ അഭിസംബോധന ചെയ്തു കൊണ്ടു സംസാരിച്ച ഐഒസി ദേശീയ വൈസ് പ്രസിഡന്‍റ് ഗുർമിന്ദർ രൺധാവ 'ജനാധിപത്യത്തെയും രാജ്യ നീതിയെയും നിയന്ത്രിക്കേണ്ട അധികാര കേന്ദ്രങ്ങളിൽ തൽപരകക്ഷികളുടെ നിയന്ത്രണവും വിന്യാസവും രാജ്യത്തിന്‍റെ നിലനില്പിനു തന്നെ ഭീഷണിയാണെന്നും പറഞ്ഞു.

ഐഒസി ദേശീയ സെക്രട്ടറി ആശ്ര അംജ്ജും യോഗത്തിൽ സംസാരിച്ചു. 'ആസന്നമായ തെരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ സങ്കീർണമായ വലിയ ഉത്തരവാദിത്വം ആണ് നൽകുന്നത്. വീണ്ടും വർഗീയ വിഷവിത്തുകൾ രാജ്യത്തു തുടരുവാൻ അനുവദിച്ചാൽ മറ്റൊരു ജനാധിപത്യ പ്രക്രിയക്കു രാജ്യത്താനാവും എന്ന് വിശ്വസിക്കുവാനാവില്ല. രാജ്യനീതി ഒരിക്കലും പ്രതീക്ഷിക്കുവാനാവില്ല. ഭാരത രക്ഷ കോൺഗ്രസിൽ എന്ന് ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. നമ്മുടെ നാനാവിധ ബന്ധങ്ങൾ പോളിംഗ് വർദ്ധനവിനും കോൺഗ്രസ്സിന്റെ ഉയർത്തെഴുന്നേൽപ്പിനും സഹായകരമാവട്ടെ' എന്നും ആശ്ര അംജ്ജും പറഞ്ഞു.

തുടർന്ന് സംസാരിച്ച ഐഒസി ദേശീയ വനിതാ പ്രസിഡന്‍റ് ഷമ്മി 'നമ്മുടെ രാജ്യത്തിന്റെ സംസ്കാരവും, ജീവിത മൂല്യങ്ങളും സംരക്ഷിക്കപ്പെടുവാനും കൊള്ളക്കാരുടെയും വർഗ്ഗീയ വിഷക്കോമരങ്ങളുടെയും കയ്യിൽ നിന്നും ഭാരത മോചനത്തിനായി കോൺഗ്രസ്സിനെ വിജയിപ്പിക്കുക എന്ന അനിവാര്യമായ കടമ നിറവേറ്റുവാനും, ഏവരും തങ്ങളുടെ പരമാവധി ബന്ധങ്ങൾ ഉപയോഗിക്കണം എന്നും അത് ഏതൊരു രാജ്യ സ്നേഹിയുടെയും ബാദ്ധ്യസ്ഥതയാണിതെന്നും' ഓർമ്മിപ്പിച്ചു.

ഐഒസി കേരള ചാപ്റ്റർ ജോ.സെക്രട്ടറി ജോണി കല്ലടാന്തിയിൽ അദ്ധ്യക്ഷത വഹിച്ചു. ജിമ്മി തോമസ് സ്വാഗതം ആശംസിച്ചു. രാജേഷ് പാട്ടിൽ, ഹരിഹരൻ, പ്രസാദ് നമ്പ്യാർ, സത്യവേൽ തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. മനോജ് ജോൺ,ജോയ് ഇരുമ്പൻ, തങ്കച്ചൻ ഫിലിഫ്, സെബിൻ പടിഞ്ഞാറേക്കുറ്റ്‌, ജോയ് ചെറുവത്തൂർ, ജോസ് കാളാംപറമ്പിൽ, സാംസൺ, റോയിസ്, അജിമോൻ, തുടങ്ങിയവർ നേതൃത്വം വഹിച്ചു. ജിൻടു ജിമ്മി, ടെസ്സി സോണി തുടങ്ങിയവർ സഹകാരികളായിരുന്നു. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പറഞ്ഞു.