ഹോർഷാമിൽ യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രവർത്തന വർഷ ഉദ്‌ഘാടനവും ക്രിക്കറ്റ് ടൂർണമെന്‍റും മേയ് 27 ന്
Wednesday, April 17, 2019 8:58 PM IST
ഹോർഷം: യുക്മയിലെ ഏറ്റവും കരുത്തുറ്റ റീജിയനായ സൗത്ത് ഈസ്റ്റ് റീജിയൻ 2019 - 21 പ്രവർത്തന വർഷത്തേക്കുള്ള പരിപാടികളുമായി അരങ്ങത്ത് എത്തുകയാണ്. ആക്ടിംഗ് പ്രസിഡന്‍റ് ജോമോൻ ചെറിയാന്‍റേയും സെക്രട്ടറി ജിജോ അരയത്തിന്‍റേയും ട്രഷറർ ജോഷി ആനിത്തോട്ടത്തിലിന്‍റേയും റീജിയണൽ കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ മുൻ വർഷങ്ങളിലെ ഭരണസമിതികളിൽ നിന്നുള്ള പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് റീജിയണിലെ യുക്മ അംഗ അസോസിയേഷനുകളുടെ ഏകീകൃത പ്രവർത്തനം പ്രാവർത്തികമാക്കാനുള്ള യത്നത്തിലാണ്. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ലാലു ആന്‍റണിയുടെ നേതൃത്വത്തിൽ റീജിയൻ കൈവരിച്ച പ്രവർത്തന നേട്ടങ്ങൾ നിലനിർത്തി കൊണ്ട് പോകുന്നതിനും പുതിയ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിൽ വരുത്തുന്നതിനും തെരഞ്ഞടുക്കപെട്ട റീജിയണൽ കമ്മിറ്റി ഒന്നടങ്കം തീരുമാനിച്ചു. അപ്രകാരമാണ് ജാതി മത രാഷ്ട്രീയ ഭിന്നതകൾക്കിടമില്ലാത്ത മലയാളികളുടെ ആവേശമായ കായിക പ്രാധാന്യമുള്ള ക്രിക്കറ്റ് ടൂർണമെന്‍റ് എന്ന ആശയം ഉദിച്ചത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍റെ പ്രവർത്തന വർഷ ഉദ്‌ഘാടനത്തോടനുബന്ധിച്ച് റീജിയണൽ പ്രസിഡന്‍റ് ജോമോൻ ചെറിയാന്‍റ് നേതൃത്വത്തിലുള്ള റീജിയണൽ കമ്മിറ്റി ഓൾ യുകെ 20-20 ക്രിക്കറ്റ് ടൂർണമെന്‍റ് നടത്തുവാൻ തീരുമാനിച്ചു.

പ്രൈം കെയർ സ്പോൺസർ ചെയ്യുന്ന എവറോളിംഗ് ട്രോഫിയും 1001 പൗണ്ട് കാഷ് പ്രൈസ് ഒന്നാം സമ്മാനവും ഗർഷോം ടിവി സ്പോൺസർ ചെയ്യുന്ന എവറോളിംഗ്‌ ട്രോഫിയും 501 പൗണ്ട് രണ്ടാം സമ്മാനവും സെമി ഫൈനലിസ്റ്റുകൾക്ക് 101 പൗണ്ട് വീതം പ്രോത്സാഹന സമ്മാനവും നൽകുന്ന ഓൾ യുകെ 20 - 20 ക്രിക്കറ്റ് ടൂർണമെന്‍റാണ് മേയ് 27 ന് ഹോർഷാമിൽ അരങ്ങേറുന്നത്. മലയാളികളുടെ കായിക പ്രവണതയെ ഉത്തേജിപ്പിക്കുക എന്നുള്ള ലക്ഷ്യം മുൻനിർത്തി ആയുള്ളതുകൊണ്ട് ഈ മത്സരത്തിൽ മലയാളികൾ മാത്രമുള്ള ടീമിന് മാത്രമേ പ്രവേശനം സാധ്യമാകു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ടീമുകൾക്കാണ് ടൂർണമെന്‍റിൽ പങ്കെടുക്കാൻ അർഹത.

മത്സരങ്ങൾ കാലത്ത് 8.30 ന് ആരംഭിക്കുമെങ്കിലും യുകെയിലെ മലയാളികൾ തമ്മിലുള്ള ഒരു സൗഹാർദ്ദ പോര് എന്ന നിലയ്ക്ക് ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തിച്ചേരേണ്ട ടീമുകളുടെ മത്സര ക്രമങ്ങൾ അനുഭാവപൂർവം പരിഗണിക്കുന്നതാണ്. യുക്മ സൗത്ത് റീജിയന്‍റെ ആദ്യ ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്‍റ് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്‍റ് ജോമോൻ ചെറിയാനെയും ക്രിക്കറ്റ് ടൂർണമെന്‍റ് കോഓർഡിനേറ്റർ അനിൽ വർഗീസ് , സ്പോർട്സ് കോഓർഡിനേറ്റർ ബിനു ജോസ്, ലിറ്റോ കൊരുത്ത് , വരുൺ ജോൺ, ബിബിൻ എബ്രഹാം എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. അതോടനുബന്ധിച്ചു നടക്കുന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍റെ പ്രവർത്തന വർഷ ഉദ്‌ഘാടനത്തിന് യുക്മ സൗത്ത് ഈസ്റ്റ് റീജിയനെ ഏറ്റവും കരുത്തുറ്റ റീജിയൻ എന്ന നിലയിലേക്ക് ഉയർത്തിയ യുക്മ മുൻ നാഷണൽ സെക്രട്ടറി റോജിമോൻ വർഗീസ് , സൗത്ത് ഈസ്റ്റ് റീജിയണൽ മുൻ സെക്രട്ടറി അജിത്ത് വെണ്മണി മുൻ നാഷണൽ എക്സിക്യൂട്ടീവ് അംഗം ജോമോൻ കുന്നേൽ എന്നിവരെ ആദരിക്കുന്നതാണ്.

വിവരങ്ങൾക്ക്: ജോമോൻ ചെറിയാൻ 07588429567, അനിൽ വർഗീസ് 07462157487, എഡ്വിൻ ജോസ് 07708933267.

റിപ്പോർട്ട്: ബാലസജീവ് കുമാർ