ഇൻഫോക്ക് നേതൃത്വ പരിശീലന ശിൽപ്പശാല സംഘടിപ്പിച്ചു
അബ്ദുല്ല നാലുപുരയിൽ
Friday, August 22, 2025 7:54 AM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് (ഇൻഫോക്ക്) "റൈസ് 2025' എന്ന പേരിൽ 7,8, 9 ക്ലാസിലെ കുട്ടികൾക്കായി ശിൽപശാല സംഘടിപ്പിച്ചു.
വിദ്യാർഥികളിൽ അറിവും നേതൃപാടവവും ആത്മവിശ്വാസവും വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വർക്ക്ഷോപ്പ്, കുവൈത്തിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും കലാസാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ ബാബുജി ബത്തേരിയാണ് നയിച്ചത്. അബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു. ശിൽപശാലയുടെ ഭാഗമായ എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഗ്രൂപ്പ് ചർച്ചകളിലും വിവിധയിനം മത്സരങ്ങളിലും ആവേശപൂർവം പങ്കെടുത്ത വിദ്യാർഥികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.