ആർച്ച്ബിഷപ് എമെരിറ്റസ് ഡോ. അൽഫോൻസ് മത്യാസ് ദിവംഗതനായി
Thursday, July 11, 2024 12:44 PM IST
ബംഗളൂരു: ബംഗളൂരു അതിരൂപത മുൻ ആർച്ച്ബിഷപ് ഡോ.അൽഫോൻസ് മത്യാസ് (96) ദിവംഗതനായി. ബുധനാഴ്ച വൈകുന്നേരം 5.20ന് ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏതാനും മാസമായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടക്കും. 1964 മുതൽ 86 വരെ ചിക്മംഗളൂർ ബിഷപ്പായിരുന്ന ഡോ.അൽഫോൻസ് മത്യാസ് 1986ൽ ബംഗളൂരു ആർച്ച്ബിഷപ്പായി. 1998 വരെ ഈ സ്ഥാനത്ത് തുടർന്നു.
1989ലും 1993ലും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തിട്ടുണ്ട്. 1974 മുതൽ 82 വരെ ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിന്റെ ചെയർമാനായിരുന്നു.
കർണാടകയിലെ സൗത്ത് കാനറ ജില്ലയിൽപ്പെട്ട പാംഗാലയിൽ ഡിയെഗോ മത്യാസിന്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായി 1928 ജൂൺ 22ന് ജനിച്ചു.
1945 ജൂണിൽ മംഗളൂരു ജെപ്പു സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്ന അദ്ദേഹം ശ്രീലങ്കയിലെ കാൻഡിയിൽനിന്ന് തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി 1954 ഓഗസ്റ്റ് 24ന് കാൻഡിയിൽവച്ച് മംഗലാപുരം രൂപത വൈദികനായി പൗരോഹിത്യം സ്വീകരിച്ചു.
മംഗലാപുരം ബജ്പെ സെന്റ് ജോസഫ്സ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു പൗരോഹിത്യശുശ്രൂഷയുടെ തുടക്കം. 1955ൽ റോമിലേക്കു പോയ അദ്ദേഹം, കാനോനിക നിയമത്തിലും ഇന്റർനാഷണൽ സിവിൽ ലോയിലും ഉപരിപഠനം നടത്തി.
1959ൽ മംഗലാപുരം രൂപതയിൽ തിരിച്ചെത്തി. തുടർന്ന് അന്നത്തെ ബിഷപ് ഡോ.റെയ്മണ്ഡ് ഡിമെല്ലോയുടെ സെക്രട്ടറിയായും രൂപത ചാൻസലറായും സേവനമനുഷ്ഠിച്ചു. 35-ാമത്തെ വയസിലാണ് പുതുതായി രൂപീകൃതമായ ചിക്മംഗളൂർ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനാകുന്നത്.