ബംഗളൂരു മെട്രോയ്ക്കായി മുറിച്ചത് നാലായിരത്തോളം മരങ്ങൾ
Monday, July 1, 2024 1:24 PM IST
ബംഗളൂരു: നമ്മ മെട്രോ വിവിധ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനായി മുറിച്ചുമാറ്റിയത് നഗരത്തിനു നിറച്ചാർത്തായിരുന്ന നാലായിരത്തോളം മരങ്ങൾ. കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ് ഇത്രയും മരങ്ങൾ മുറിച്ചത്.
2021-23ൽ 3,600 മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇപ്പോൾ മെട്രോ മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ലൈനിനായി (ജെപി നഗർ നാലാംഫേസ് മുതൽ മൈസൂരു റോഡുവരെ) 2,174 മരങ്ങൾ മുറിക്കുന്നതിനു ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) നിർദേശം നൽകിയിരിക്കുകയാണ്.
നമ്മ മെട്രോയുടെ മറ്റുപാതകൾക്കായി മുറിച്ച മരങ്ങൾക്കുപകരം നട്ട മരങ്ങളും ഇവിടെ മുറിക്കേണ്ടതായിവരും. മരങ്ങൾ മുറിക്കുന്നതായുള്ള പൊതുനോട്ടീസ് ബിബിഎംപി പുറപ്പെടുവിച്ചതിനെത്തുടർന്ന് അഞ്ഞൂറോളം നിർദേശങ്ങളും പരാതികളും ലഭിച്ചിട്ടുണ്ട്.
മൂന്നാംഘട്ടത്തിന്റെ ഭാഗമായി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ജെപി നഗർമുതൽ കെംപാപുരവരെ 32 കിലോമീറ്റർ പാതയാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്.