എറണാകുളം - ബംഗളൂരു ഇന്റര്‍ സിറ്റി കോട്ടയത്തേക്ക് നീട്ടുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
Thursday, June 6, 2024 2:24 PM IST
കോട്ടയം: എറണാകുളം - ബംഗളൂരു ഇന്റര്‍ സിറ്റി ട്രെയിന്‍ കോട്ടയത്തേക്ക് സര്‍വീസ് നീട്ടുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് നിയുക്ത എംപി കെ. ഫ്രാന്‍സിസ് ജോര്‍ജ്. രാവിലെ 6.28നു പാലരുവി എക്സ് പ്രക്സ് എറണാകുളം ഭാഗത്തേക്ക് പോയാല്‍ 8.30നാണ് വേണാട് എക്സ്പ്രസുള്ളത്. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പലര്‍ക്കും ട്രെയിനില്‍ കയറാന്‍ പോലും പറ്റുന്നില്ല. ഇന്റര്‍ സിറ്റി കോട്ടയത്തേക്ക് നീട്ടി രാവിലെ എട്ടിന് കോട്ടയത്തുനിന്നും പുറപ്പെടുന്ന രീതിയില്‍ ക്രമീകരിച്ചാല്‍ യാത്രക്കാര്‍ക്കു പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരിലുള്ള മലയാളികളുടെയും എറണാകുളം ഭാഗത്തേക്ക് ജോലിക്കു പോകുന്ന യാത്രക്കാരുടെ വളരെക്കാലമായുള്ള ആവശ്യമാണിത്. റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇക്കാര്യം അടിയന്തര പ്രധാന്യവിഷമായി ഉന്നയിക്കും.
മലബാര്‍ എക്സ്പ്രകസിന് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കാനും അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ പ്രവര്‍ത്തനം പുരോഗിമിക്കുന്ന ഏറ്റുമാനൂര്‍ സ്റ്റേഷനിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ശ്രമിക്കും.
കൂടുതല്‍ ട്രെയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിക്കനും കൂടുതൽ വന്ദേഭാരത് ട്രെയിനുകള്‍ കോട്ടയം വഴി സർവീസ് ആരംഭിക്കാനും ശ്രമിക്കും. ചെങ്ങന്നൂര്‍ പോലെ ശബരിമല തീര്‍ഥാടകരുടെ പ്രധാനപ്പെട്ട റെയില്‍വേ സ്റ്റേഷനായി കോട്ടയത്തെ മാറ്റുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് കൂട്ടിച്ചേർത്തു.