ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി സൗദി നിരോധിച്ചു
Thursday, March 30, 2023 2:27 AM IST
റിയാദ്∙ വൈറസിന്‍റെ സാന്നിധ്യത്തെ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്കു സൗദി അറേബ്യ നിരോധനം ഏർപ്പെടുത്തി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്.

ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യമാണ് നിരോധനത്തിന് കാരണം. സാമ്പിൾ പരിശോധനയിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന് പോസിറ്റീവ് ഫലങ്ങൾ കാണിച്ചു.

പരിശോധനാ റിപ്പോർട്ടിനെ തുടർന്ന്, രാജ്യത്തേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്‍റെ അഭാവം ഉറപ്പാക്കുന്നതിനും ഇന്ത്യ മതിയായ ഗ്യാരന്‍റി നൽകുന്നതുവരെ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു.