പ്രവാചക സ്മരണകളുടെ വെളിച്ചം ജീവിതത്തെ മുന്നോട്ടു നയിക്കണം: കാന്തപുരം
Sunday, September 25, 2022 3:53 PM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: നന്മയുടെ അദ്ധ്യാപനങ്ങൾ കൊണ്ടു ലോകത്തെ മാറ്റിപ്പണിത പ്രവാചകരുടെ ഓർമ്മകൾ എക്കാലത്തെയും മാനവിക സമൂഹത്തെ മുന്നോട്ട് നയിക്കാൻ പ്രാപ്തമാണെന്നും പ്രവാചക കീർത്തനങ്ങൾ വഴി, നബിസ്മരണകളുടെ വെളിച്ചം വിശ്വാസിഹൃദയങ്ങളിൽ അവശേഷിക്കുമെന്നും കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ പ്രസ്താവിച്ചു.

ഈ വർഷത്തെ ഐ. സി. എഫ് മീലാദ് കാമ്പയിൻ പ്രവർത്തനങ്ങളുടെ അന്താരാഷ്ട്ര തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവും അന്നവും അഭയവും നൽകുക എന്നതാണ് പ്രവാചകർ പകർന്നു നൽകിയ സേവന മാതൃകയെന്നും ആയൊരു പാതയിലൂടെയാണ് മർകസ് സ്ഥാപനങ്ങൾ ചലിച്ചു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ചു വരുന്ന പ്രതിഭാധനരും ധാർമികാവബോധമുള്ളവരുമായ അനേകം പണ്ഡിതന്മാരെയും പ്രൊഫഷനലുകളെയും വാർത്തെടുക്കാൻ ഇക്കാലയളവിൽ മർക്കസിന്റെ നേതൃത്വത്തിൽ സാധ്യമായി എന്നത് ചാരിതാർഥ്യ ജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മർക്കസ് നോളജ് സിറ്റി മുന്നോട്ടു വെക്കുന്ന അതിനൂതന വൈജ്ഞാനിക സംരംഭങ്ങൾ വരും തലമുറകളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ വിപ്ലവാത്മകമായി സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് ഖൈത്താൻ കാർമൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായിരുന്ന ചിത്താരി കെ പി ഹംസ മുസ്ലിയാരെ അനുസ്മരിച്ചു. ട്രെയിനിങ് പൂർത്തിയാക്കിയ മദ്രസ്സ അധ്യാപകർക്കുള്ള സർട്ടിഫിക്കറ്റുകൾ കാന്തപുരം നൽകി.

കുവൈറ്റ് ഐ സി എഫ് പ്രസിഡണ്ട്‌ അബ്ദുൽഹകീം ദാരിമി അധ്യക്ഷത വഹിച്ചു. മർക്കസ് നോളജ് സിറ്റി സി. എ. ഒ അഡ്വ. തൻവീർ ഉമർ ഉദ്ഘാടനം നിർവഹിച്ചു. ഐ സി എഫ് ഇന്റർ നാഷണൽ കൗൺസിൽ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര പ്രസംഗിച്ചു. ശുകൂർ മൗലവി കൈപ്പുറം, അഹ്‌മദ്‌ കെ മാണിയൂർ, അബ്ദുൽഅസീസ് കാമിൽ സഖാഫി സംബന്ധിച്ചു.