കുവൈറ്റ് കെഎംസിസി അനുശോചിച്ചു
Friday, September 23, 2022 11:26 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി: വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്‍റും സ്വതന്ത്ര തോട്ടം തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റുമായിരുന്ന പി.പി.എ. കരീമിന്‍റെ നിര്യാണത്തിൽ കുവൈറ്റ് കെ.എം.സി.സി അനുശോചിച്ചു.

തോട്ടം തൊഴിലാളി മേഖലയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ വയനാട് ജില്ലയിലെ ഏറ്റവും മുതിർന്ന തൊഴിലാളി നേതാക്കളിലൊരാളായ കരീം സാഹിബിന്‍റെ വേർപാട് കേരള രാഷ്ട്രീയത്തിനു തീരാ നഷ്ടമാണെന്ന് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുസ്മരിച്ചു. മലയോര ജില്ലയായ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയ പദവികളും വഹിച്ചിരുന്ന മഹത് വ്യക്തിത്വമായ അദ്ദേഹത്തിന്‍റെ നിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കുവൈറ്റ് കെ.എം.സി.സി. പ്രസിഡന്‍റ് ശറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ.നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.