സ്വദേശി പാര്‍പ്പിടങ്ങളില്‍ നിന്നും വിദേശി ബാച്ചിലർമാരെ കുവൈറ്റ് ഒഴിവാക്കുന്നു
Friday, January 21, 2022 4:43 PM IST
കുവൈറ്റ് സിറ്റി : കഴിഞ്ഞ 16 മാസത്തിനുള്ളില്‍ 12,000 ത്തിലധികം ബാച്ചിലർമാരെ ബിനൈഡ് അല്‍ ഖര്‍ ഏരിയയിൽ നിന്ന് ഒഴിപ്പിച്ചിച്ചതായി അധികൃതര്‍ അറിയിച്ചു.രാജസ്ഥാനികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഏറെ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് ബിനൈഡ് അല്‍ ഖര്‍. കുവൈത്തികളും വിദേശി ഫാമിലികളും താമസിക്കുന്ന പ്രദേശമായതിനാല്‍ നിരവധി തവണ കെട്ടിടയുടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു .

പ്രദേശത്ത് നിന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരെല്ലാം അസംഘടിതമായി താമസിക്കുന്നവരാണെന്നും കെട്ടിടനിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായ കെട്ടിടങ്ങളില്‍ താമസിക്കുന്നവരെയാണ് ഒഴിവാക്കിയതെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് മുനിസിപ്പാലിറ്റി എമർജൻസി ടീം തലവൻ സായിദ് അൽ എനിസി പറഞ്ഞു.

പരിശോധനയുടെ ഭാഗമായി 220 കെട്ടിടങ്ങളുടെ നിയമലംഘനങ്ങൾ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.

അതിനിടെ രാജ്യത്ത് വിവിധ പ്രദേശങ്ങളില്‍ അനധികൃത താമസക്കാര്‍ക്കായുള്ള പരിശോധന ശക്തമാക്കി. രാജ്യത്ത് പൊതുമാപ്പ് അവസാനിച്ച ശേഷവും ഒരു ലക്ഷത്തിലേറെ നിയമലംഘകര്‍ ശേഷിക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

സലിം കോട്ടയിൽ