കുവൈറ്റിലെ റിഫൈനറിയിൽ വൻ തീപിടുത്തം; രണ്ട് ഇന്ത്യക്കാർ മരിച്ചു
Friday, January 14, 2022 9:55 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് ഏറ്റവും വലിയ റിഫൈനറിയായ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് പ്ലാന്‍റിൽ ഉണ്ടായ തീ പിടുത്തത്തിൽ രണ്ടു ഇന്ത്യക്കാർ മരിക്കുകയും പത്തു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കുവൈറ്റ് നാഷണൽ പെട്രോളിയം കമ്പനി (കെഎൻപിസി) അറിയിച്ചു. പരിക്കേറ്റ അഞ്ചു പേരുടെ നില അതീവ ഗുരുതരമാണ്.

വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. അറ്റകുറ്റപ്പണി നട‌ത്തുന്നതിനിടെ ഗ്യാസ് പൈപ്പിലുണ്ടായ ചോർച്ചയാണ് തീപിടുത്തത്തിനുകാരണമായതെന്നു പറയപ്പെടുന്നു. മരിച്ച ഇന്ത്യക്കാരിൽ മലയാളികളാരെങ്കിലും ഉണ്ടോ എന്ന് അറിവായിട്ടില്ല.

പെട്രോളിയം മന്ത്രി ഡോ.മുഹമ്മദ് അൽ ഫാരിസും കെഎൻപിസിയുടെ ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ചു.

തീപിടിത്തം പൂർണമായി നിയന്ത്രിക്കാനായതായും റിഫൈനറി പ്രവർത്തനങ്ങളെയും കയറ്റുമതി പ്രവർത്തനങ്ങളെയും അപകടം ബാധിച്ചിട്ടില്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

സലിം കോട്ടയിൽ