"സിഎച്ച് ജീവിതവും വീക്ഷണവും' പുസ്തക പ്രകാശനം ജനുവരി 13 ന്
Wednesday, January 12, 2022 1:24 PM IST
ജിദ്ദ: നവകേരള ശില്പികളിൽ പ്രധാനിയും മുൻ മുഖ്യമന്ത്രിയും സമുന്നത മുസ് ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ ജീവിതത്തിന്‍റെ വ്യത്യസ്ഥ മേഖലകളിലേക്ക് വെളിച്ചം വിശുന്ന "സിഎച്ച് ജീവിതവും വീക്ഷണവും' എന്ന പേരിൽ പത്ര പ്രവർത്തകനായ പി.എ.മഹ്ബൂബ് എഴുതിയ 480 പേജ് വരുന്ന പുസ്തകം ജനുവരി 13നു (വ്യാഴം) ഉച്ചകഴിഞ്ഞു മൂന്നിന് കോഴിക്കോട് മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ മുസ് ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ എംപി പ്രകാശനം ചെയ്യും.

കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ. പ്രവീൺ കുമാർ പുസ്തകം ഏറ്റുവാങ്ങും.
ഗ്രന്ഥകർത്താവിന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉപഹാരം നൽകും. മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി മുഖ്യ പ്രഭാഷണം നടത്തും. പി.കെ.ഫിറോസ്, ഉമ്മർ പാണ്ടികശാല, കെ.പി.മുഹമ്മദ് കുട്ടി.പി.എ റഷീദ്, കമാൽ വരദൂർ തുടങ്ങി പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.

1992 ൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മുഖ്യമന്ത്രി കെ.കരുണാകരൻ പ്രകാശനം ചെയ്ത ഈ പുസ്തകം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റിയും ഗ്രെസ് ബുക്സും സഹകരിച്ചാണ് പുനർ പ്രസാധനം നടത്തുന്നത്.

സമൂഹിക നവോത്ഥാന നായകരുടെയും സ്വാതന്ത്ര്യ സമര നായകരുടെയും ജീവചരിത്രമടക്കം വിവിധ വിഷയങ്ങളിലുള്ള ഗഹനമായ 15 പുസ്തകങ്ങൾ ഇതിനോടകം ജിദ്ദ കെഎംസിസിയും കീഴ്ഘടകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് ജിദ്ദ കെഎംസിസി.നേതാക്കൾ പത്രകുറിപ്പിൽ വ്യക്തമാക്കി.

ഇന്ന് ഏറെ ചർച്ച ചെയ്യപെടുന്ന പ്രശസ്തമായ കേരള മോഡലിന് അടിത്തറയായ കേരളത്തിന്‍റെ വിദ്യാഭ്യാസ പുരോഗതിക്ക് ഏറ്റവും വലിയ സംഭാവന ചെയ്ത ഭരണാധികാരിയാണ് സി.എച്ച് മുഹമ്മദ് കോയ. ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗത്തിന്‍റെ പുരോഗതിക്കായ് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത സി.എച്ചിന് അതെ സമയം എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ ആദരിച്ച ഏറ്റവും വലിയ മതേതരവാദിയാവാനും കഴിഞ്ഞു. ഇതിനു സി.എച്ചിനെ പ്രാപ്തനാക്കിയ അദ്ദേഹത്തിന്‍റെ ജീവിതവും വീക്ഷണവും മതേതരത്വം ഭീഷണി നേരിടുന്ന കാലത്ത്
പുതിയ തലമുറക്ക് ഏറെ ഉപകരിക്കും.

നാട്ടിലുള്ള മുഴുവൻ കെഎംസിസി പ്രവർത്തകരും അക്ഷര സ്നേഹികളും പരിപാടിക്ക് എത്തിച്ചേരണമെന്ന് ജിദ്ദ കെഎംസിസി ഭാരവാഹികളായ അബൂബക്കർ അരിമ്പ്രയും വി.പി.മുസ്തഫയും അഭ്യർഥിച്ചു.

കെ.ടി. മുസ്തഫ പെരുവള്ളൂർ