കോവാക്സിൻ: പ്രവാസി ലീഗൽ സെൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു
Tuesday, September 14, 2021 2:16 PM IST
കുവൈറ്റ് സിറ്റി: കോവാക്സിന് ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ള അംഗീകാരം ലഭിക്കാനുള്ള നടപടികൾ വൈകുന്നത് ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചു.

മെയ് മാസത്തിൽ പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ പ്രവാസികളുടെ വാക്‌സി നേഷൻ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്രസർക്കാരിന് ഡൽഹി ഹൈക്കോടതി നിർദേശമുണ്ടായിട്ടും നടപടികൾ വൈകുന്നതും, കോവാക്സിൻ ഇന്ത്യയിൽ നിന്ന് സ്വീകരിച്ചതിന്‍റെ പേരിൽ ഇനിയും വിദേശയാത്ര നടത്താൻ സാധിക്കാത്ത പ്രവാസികളുടെ സാഹചര്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്‌. മെയ് മാസത്തിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിൽ സർക്കാർ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു.

എന്നാൽ കോവാക്സിന് മതിയായ അംഗീകാരം ലഭിക്കാത്ത പ്രശ്നം ഇപ്പോഴും ഉള്ളതിനാലാണ് കേന്ദ്ര സർക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡൽഹി ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി പ്രവാസി ലീഗൽ സെല്ലിനു വേണ്ടി ഗ്ലോബൽ പ്രസിഡണ്ട് ജോസ് അബ്രഹാം ഹർജി സമർപ്പിച്ചത്. ഇതുവഴി കോ വാക്സിൻ സ്വീകരിച്ച പ്രവാസികളുടെ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
വീഡിയോ ലിങ്ക് https://we.tl/t-XOSD9ih0l8

റിപ്പോർട്ട് : സലിം കോട്ടയിൽ