പെരുന്നാള്‍ അവധി ദിവസങ്ങളിൽ 979 വിമാനങ്ങൾ സര്‍വീസ് നടത്തിയതായി ഡിജിസിഎ
Sunday, July 25, 2021 4:40 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പെരുന്നാള്‍ അവധി ദിവസങ്ങളിൽ 979 വിമാനങ്ങൾ സര്‍വീസ് നടത്തിയതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. കോവിഡ് പ്രതിസന്ധി കാരണം നിലവില്‍ വിമാന സര്‍വീസ് പരിമിതമാണെങ്കിലും പെരുന്നാളോട് അനുബന്ധിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്തുകയായിരുന്നു.

കൂടുതൽ ദിവസങ്ങൾ അവധി ലഭിച്ചതു കാരണം നൂറുക്കണക്കിന് സ്വദേശികളാണ് രാജ്യത്ത് നിന്നും പുറത്തേക്ക് യാത്രയായത്. ഈദ് അവധിക്കാലത്ത് 488 വിമാനങ്ങളിലായി 64,236 യാത്രക്കാര്‍ രാജ്യത്തിന് പുറത്തേക്കും 491 വിമാനങ്ങളിൽ 34,698 യാത്രക്കാര്‍ രാജ്യത്തിനകത്തെക്കും യാത്ര ചെയ്തതായി ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടർ ജനറല്‍ സാദ് അൽ ഒതൈബി പറഞ്ഞു. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച കര്‍ശനമായ ആരോഗ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ