സാരഥി കുവൈറ്റ്‌ ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.
Wednesday, May 5, 2021 12:20 PM IST
കുവൈറ്റ്: പ്രവാസി മലയാളികളുടെ കുട്ടികൾക്ക് തനത് സംസ്കാരവും, പാരമ്പര്യവും പകർന്നു നൽകുക, അവരുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിനൊപ്പം മലയാള ഭാഷാ പഠനത്തിന് പ്രാധാന്യം നൽകി നടത്തി വരുന്ന സാരഥി ഗുരുകുലം പഠന ക്ലാസിന്‍റെ പുതിയ അധ്യയന വർഷത്തെ ക്ലാസുകളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.

സാരഥി ഗുരുകുലത്തിന്‍റെ കീഴിൽ 400 ലധികം കുട്ടികൾ, പൂമൊട്ടുകൾ, ദളങ്ങൾ, കണിക്കൊന്ന, സൂര്യകാന്തി എന്നീ വിഭാഗത്തിൽ ഭാഷാ പരിജ്ഞാനത്തിന്റെ അടിസ്ഥാനത്തിൽ ക്‌ളാസ്സുകൾ തരം തിരിച്ച് കേരള ഭാഷമിഷൻ നിർദ്ദേശിച്ചിട്ടുള്ള സിലബസ്സ് പ്രകാരം മലയാള ഭാഷാ പഠനം നടത്തി വരുന്നത്. 20 പേർ അടങ്ങുന്ന സാരഥി ഗുരുകുലം അധ്യാപകരുടെ നേതൃത്വത്തിലാണ് ക്‌ളാസ്സുകൾ നടന്നു വരുന്നത്.

സാരഥി കുവൈറ്റ്‌ പ്രസിഡന്‍റ് സജീവ് നാരായണന്‍റെ സ്വാഗത പ്രസംഗത്തോട് തുടക്കം കുറിച്ച പരിപാടിയുടെ ഉദ്ഘാടനം ആചാര്യ കെ എൻ ബാലാജി ( കോട്ടയം ഗുരുനാരായണ നികേതൻ) നിർവഹിച്ചു.

ഓൺലൈൻ ആയി സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികൾക്ക് ആശംസകളും ആശീർവാദവും അർപ്പിച്ചു കൊണ്ട് സാരഥി ജനറൽ സെക്രട്ടറി ബിജു സി വി, വനിതാവേദി ചെയർപേഴ്സൺ ബിന്ദു സജീവ്, ഗുരുദർശന വേദി ചീഫ് കോഡിനേറ്റർ വിനീഷ് വിശ്വം എന്നിവർ സംസാരിച്ചു.

പ്രവേശനോത്സവത്തിനു നന്ദി അര്‍പ്പിക്കുന്നതിനൊപ്പം കുട്ടികൾക്ക് ആശംസകൾ നേർന്നു കൊണ്ട് ഗുരുകുലം ചീഫ് കോഡിനേറ്റർ മനു കെ മോഹൻ ചടങ്ങിന് സമാപനം കുറിച്ചു. തുടർന്ന് ആദ്ധ്യാത്മിക ക്ലാസ് അജയകുമാർ ജെ യുടെ നേതൃത്വത്തിലും മലയാളം ക്ലാസ് മുബിന സിജുവിന്‍റെ നേതൃത്വത്തിലും തുടക്കം കുറിക്കുകയുണ്ടായി.

റിപ്പോർട്ട്: സലിം കോട്ടയിൽ