കുവൈറ്റിൽ കോഴി മുട്ട ക്ഷാമം രൂക്ഷമാകുന്നു
Thursday, April 15, 2021 12:24 PM IST
കുവൈറ്റ് സിറ്റി : പക്ഷിപ്പനി മൂലം കുവൈത്തിലെ ഫാമുകളിൽ ആയിരക്കണക്കിന് കോഴികളെ നശിപ്പിച്ചതിനെത്തുടർന്ന് കോഴി മുട്ട ക്ഷാമം രൂക്ഷമാകുന്നു. പ്രതിദിനം ശരാശരി 27 ലക്ഷം മുട്ടയാണ് രാജ്യത്ത് ഉൽപാദിപ്പിക്കപ്പെടുന്നത്. രോഗം ബാധിച്ചതായി സംശയത്തെ തുടര്‍ന്ന് കൂട്ടമായി കോഴികളെ കൊന്നതിനാല്‍ മുട്ട ഉത്പാദനത്തില്‍ വന്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്. കോഴി മുട്ടക്ക് വിപണിയില്‍ ആവശ്യമേറിയതിനാല്‍ വിലയും വര്‍ദ്ധിക്കുകയാണ്.

ഒരു മുട്ട ട്രേ 990 ഫിൽസില്‍ നിന്നും 1.5 ദിനാര്‍ വരെയാണ് വില വര്‍ദ്ധിച്ചിരിക്കുന്നത്. രാജ്യത്തെ മിക്ക ഹൈപ്പര്‍ -സൂപ്പര്‍ മാര്‍ക്കറ്റുകളിലും മുട്ട ലഭ്യമാകാത്ത അവസ്ഥയാനുള്ളത്. നിലവിലെ ക്ഷാമവും വില കയറുന്നത് അടക്കമുള്ള പ്രതിസന്ധിയും പരിഹരിക്കാൻ നിരവധി നടപടികളാണ് വാണിജ്യ മന്ത്രാലയം സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. തുർക്കി, ജോർദാൻ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നും കോഴി മുട്ട ഇറക്കുമതി ചെയ്യുവാന്‍ വാണിജ്യ മന്ത്രാലയം അനുമതി നല്‍കി.

പുതിയ പ്രതിസന്ധിയെ തുടര്‍ന്ന് മുട്ട കയറ്റുമതി നിരോധിച്ചിട്ടുണ്ട്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന ഓരോ കാർട്ടൺ കോഴിമുട്ടക്കും സബ്‌സിഡി നൽകുവാനും തീരുമാനിച്ചതായി വാര്‍ത്തകളുണ്ട്.

റിപ്പോർട്ട് : സലിം കോട്ടയിൽ