ലുലുവില്‍ ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍
Saturday, January 23, 2021 2:41 AM IST
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ റായ് ഔട്ട്‌ലെറ്റില്‍ ആരംഭിച്ച ‘ഇന്ത്യന്‍ ഫുഡ് ഫെസ്റ്റിവല്‍’ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജനുവരി 20 മുതല്‍ 26 വരെ കുവൈറ്റിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ എല്ലാ ശാഖകളിലും ‘ഇന്ത്യ ഫെസ്റ്റ് 2021’ സംഘടിപ്പിക്കും. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളില്‍ എല്ലാ ഇന്ത്യന്‍ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കും രാജ്യത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന പഴം, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കും പ്രത്യേക ഓഫറുകള്‍ ഉണ്ടായിരിക്കും.

രാജ്യത്തിന്‍റെ സംസ്‌കാരവും പൈതൃകവും വിളിച്ചോതുന്ന പരമ്പരാഗത സ്മാരകങ്ങളുടെ കട്ടൗട്ടുകള്‍ ഫെസ്റ്റില്‍ പ്രദര്‍ശിപ്പിക്കും.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫുഡ് കൗണ്ടറുകളാണ് ഫെസ്റ്റിലെ പ്രധാന ആകര്‍ഷകത. ഇന്ത്യയുടെ വിവിധ തനത് രുചികള്‍ ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് സവിശേഷമായ ഷോപ്പിംഗ് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കാനുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്‍റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ‘ഇന്ത്യ ഫെസ്റ്റ് 2021’ സംഘടിപ്പിക്കുന്നതെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

ഉദ്ഘാടന ചടങ്ങില്‍ ലുലു ഉന്നത ഉദ്യോഗസ്ഥര്‍, ക്ഷണിതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ