കുവൈറ്റിലേക്ക് യാത്ര ചെയ്യുന്നവര്‍ 50 ദിനാർ അധികമായി നൽകണം
Friday, January 22, 2021 5:50 PM IST
കുവൈറ്റ് സിറ്റി : അതിതീവ്ര കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ എല്ലാ വിമാന യാത്രക്കാര്‍ക്കും പിസിആര്‍ നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ അധികമായി വരുന്ന 50 ദിനാർ യാത്രക്കാരില്‍ നിന്നും ഈടാക്കുവാന്‍ വിമാന കമ്പനികള്‍ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അനുമതി നല്‍കി.

പി‌സി‌ആർ ടെസ്റ്റുകളുടെ ചെലവ് വിമാനക്കമ്പനികൾ ഏറ്റെടുക്കണമെന്ന മന്ത്രിസഭാ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പുതിയ തീരുമാനം. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ യാത്രക്കാരും വിമാനത്താവളത്തില്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം. തുടര്‍ന്ന് 14 ദിവസത്തെ ക്വാറന്‍റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും പിസിആർ പരിശോധന നടത്തണമെന്നാണ് നിലവിലെ വ്യവസ്ഥ.

അതിനിടെ സര്‍ക്കാര്‍ ലാബുകളിലെ തിരക്ക് കുറയ്ക്കുവാന്‍ സ്വകാര്യമേഖലയിലെ ലാബുകൾ വഴിയും കോവിഡ് പരിശോധനാ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

റിപ്പോർട്ട്: സലിം കോട്ടയിൽ