കുവൈറ്റ് തീരത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ നാവികരുടെ വിഷയത്തിൽ പരിഹാരമാകുന്നു
Tuesday, January 19, 2021 12:21 AM IST
കുവൈത്ത് സിറ്റി: നിയമതർക്കത്തെ തുടർന്ന് ഒന്പത് മാസമായി കുവൈത്ത് തീരത്ത് കുടുങ്ങിക്കിടക്കുന്ന നാവികരുടെ വിഷയത്തിൽ അധികൃതർ ഇടപെടന്നു.

കുടുങ്ങിക്കിടക്കുന്നവരിൽ 16 പേർ ഇന്ത്യൻ നാവികരാണ്. പ്രശ്നത്തിൽ പരിഹാരമില്ലാതായതോടെ നേരത്തേ നാവികർ നിരാഹാര സമരത്തിൽ ഏർപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇത് സംബന്ധമായി ഇന്ത്യൻ അംബാസിഡർ സിബി ജോർജ് കുവൈറ്റ് അധികാരികളുമായി ചർച്ചകൾ നടത്തിയിരുന്നു. കപ്പൽ ഉടമയും ചരക്ക് ഉടമയും തമ്മിലുള്ള തർക്കമാണ് ഷോയിബ തുറമുഖത്ത് കപ്പൽ നങ്കൂരമിടുവാൻ കാരണം.

വിഷയത്തിൽ ഇടപ്പെട്ട കുവൈത്ത് ഹ്യൂമൻ റൈറ്റ്സ് സംഘടനയും പരിഹാരത്തിനായി ശ്രമം തുടരുന്നതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇത് സംബന്ധിച്ച് വിവിധ സർക്കാർ ഏജൻസികളുമായും ദേശീയ മനുഷ്യാവകാശ ഓഫീസിലെ ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രതിനിധികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ