റിയാദ് : റിയാദ് കേളി കലാസാംസ്കാരിക വേദി അംഗങ്ങളുടെ കുട്ടികൾക്കായി വർഷം തോറും വിതരണം ചെയ്തു വരുന്ന വിദ്യാഭ്യാസ മേന്മാ പുരസ്കാര ദാനം (2019-20) മലപ്പുറത്തെ നിലന്പൂർ അമരന്പലത്ത് നടന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കേളി ബത്ഹ ഏരിയ അംഗമായ കെ.ടി.മുഹമ്മദ് ബഷീറിന്റെ മകൾ കെ.ടി.ഹനയ്ക്കാണ് പുരസ്കാരം കൈമാറിയത്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും 90 ശതമാനത്തിന് മുകളിൽ മാർക്ക് വാങ്ങുന്ന കേളി അംഗങ്ങളുടെ കുട്ടികൾക്കാണ് പുരസ്കാരം വിതരണം ചെയ്യുന്നത്. ഈ വർഷം 26 കുട്ടികളാണ് പുരസ്കാരത്തിന് അർഹത നേടിയത്.
അമരന്പലം കുഞ്ഞാലി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ സിപിഎം അമരന്പലം ലോക്കൽ സെക്രട്ടറി അനന്ത കൃഷ്ണനാണ് പുരസ്കാരം കൈമാറിയത്. കേളിയുടെ മുൻ സെക്രട്ടറി റഷീദ് മേലേതിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവാസി സംഘം ഏരിയാ കമ്മിറ്റി അംഗവും കേളി മുൻ കേന്ദ്ര കമ്മിറ്റി അംഗവുമായ നസീർ ബാബു പന്തപ്പുലാൻ അധ്യക്ഷത വഹിച്ചു. സിപിഎം നിലന്പൂർ ഏരിയാ കമ്മിറ്റി അംഗം കെ.പി.വിനോദ്, കേളി മുൻ ജോയിന്റ് സെക്രട്ടറി റഫീഖ് പാലത്ത്, കേരളാ പ്രവാസി സംഘം നിലന്പൂർ ഏരിയാ കമ്മിറ്റി അംഗം ഉണ്ണി വടക്കൻ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ, പ്രവാസി സംഘം മേഖലാ സെക്രട്ടറി അഷ്റഫ്, കേളി സുലൈ യൂണിറ്റ് മുൻ അംഗം കെ.ടി.മുഹമ്മദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.