കൊറോണ വൈറസിനെ നശിപ്പിക്കുന്ന മാസ്ക്ക്; ഡിസംബറിൽ വിപണി പിടിക്കും
Wednesday, November 18, 2020 9:50 PM IST
അബുദാബി : കോവിഡ് വൈറസിനെ നശിപ്പിക്കാൻ ശേഷിയുള്ള മാസ്‌ക്കുകൾ തയാറാകുന്നു.ഇംഗ്ലണ്ടിലെ നോട്ടിംഗ് ഹാം ട്രെന്‍റ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് പുതിയ മാസ്ക് വികസിപ്പിച്ചത്.

കൊറോണ, ഇൻഫ്ളുവൻസ് പോലുള്ള വൈറസിനെ നശിപ്പിക്കാൻ കഴിവുള്ള മാസ്ക്ക് ഡിസംബറോടെയാണ് വിപണിയിൽ എത്തുക.നിലവിൽ വിപണിയിൽ എത്തുന്ന ഒട്ടു മിക്ക ഫേസ് മാസ്‌ക്കുകളും മൂന്നു നിരകളിലാണ് തയാറാക്കിയിരിക്കുന്നത് എന്നാൽ പുതിയ മാസ്ക്കിൽ നാനോ കോപ്പർ ഉപയോഗിച്ച് നിർമിച്ച ആന്‍റി വൈറസ് പാളി ഉൾപ്പെടുന്ന അഞ്ചു നിരകളാണുള്ളത് . ഇത്തരം മാസ്‌ക്കുകൾ വൈറസുകളെ നിർജീവമാക്കുകയും ഫിൽറ്റർ പാളികൾ തടഞ്ഞ വൈറസിനെ , ആന്‍റി വൈറസ് പാളി നശിപ്പിക്കുകയും ചെയ്യുമെന്ന് ഗവേഷക സംഘത്തിലെ അംഗം ഡോ.ഗാരെത്തു കേവ് പറഞ്ഞു.

നിലവിലെ പരമ്പരാഗത സർജിക്കൽ മാസ്കുകൾ വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്നതിനെയോ,പുറത്തു കടക്കുന്നതിനെയോ പ്രതിരോധിക്കായാണ് ചെയ്യുന്നത്. വൈറസിനെ നശിപ്പിക്കാൻ അവയ്ക്കു കഴിയില്ല. എന്നാൽ ആന്‍റി വൈറസ് ഫെയ്‌സ് മാസ്ക്കിന്‍റെ വശങ്ങളിലായി ബാരിയർ ലെയർ കൂടി ഉള്ളതിനാൽ ഇത് ധരിക്കുന്നവർക്കു മാത്രമല്ല ചുറ്റുമുള്ളവരെ കൂടി വൈറസിൽ നിന്നും സംരക്ഷണം നൽകുമെന്നും അധികൃതർ പറഞ്ഞു.

50 മാസ്‌ക്കുകളുടെ ഒരു ബോക്സിനു ഏകദേശം 10 ഡോളറിനു അടുത്താകും വില.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള