സമസ്ത ബഹറിൻ "ഈദേ റബീഅ് -2020' നബിദിന കാമ്പയിന് തുടക്കമായി
Monday, October 19, 2020 6:54 PM IST
മനാമ : സമസ്ത ബഹറിന്‍ സംഘടിപ്പിക്കുന്ന"മുഹമ്മദ് നബി(സ): ജീവിതം, സമഗ്രം, സമ്പൂർണം' എന്ന പ്രമേയത്തില്‍ നബിദിന കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന "ഈദേ റബീഅ് -2020' നബിദിന കാമ്പയിനിന്‍റെ ഉദ്ഘാടനം സമസ്ത ബഹറിന്‍ പ്രസിഡന്‍റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ നിര്‍വഹിച്ചു.

ഓണ്‍ലൈനില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സയിദ് യാസർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. അഷ്റഫ് അൻവരി പ്രമേയ പ്രഭാഷണം നടത്തി. ഹംസ അൻവരി മോളൂർ, അബ്ദുൽ മജീദ് ചോലക്കോട് ആശംസകൾ നേർന്നു സംസാരിച്ചു. തുടര്‍ന്നു നടന്ന മൗലിദ് മജ് ലിസിന് ഉസ്താദ് ഹാഫിള് ശറഫുദ്ദീൻ മൗലവി നേതൃത്വം നല്‍കി. എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും മുസ്തഫ കളത്തില്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്നുള്ള ദിവസങ്ങളിലും രാത്രി 8.30ന് ഓണ്‍ലൈനില്‍ മൗലിദ് മജ് ലിസുകള്‍ നടക്കും. ഇതില്‍ നാട്ടില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരുടെ പ്രഭാഷണവും ഉണ്ടായിരിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാന്പയിന്‍റെ ഭാഗമായി പ്രവാചക സന്ദേശം പ്രചരിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങള്‍, പഠന ക്ലാസുകൾ, മൗലീദ് മജ് ലിസുകള്‍ എന്നിവയും വിദ്യാർഥികളുടെ കലാപരിപാടികൾ, അന്നദാനം എന്നിവയും സംഘടിപ്പിക്കണമെന്ന് ഏരിയ കമ്മിറ്റികള്‍ക്കും നിര്‍ദേശം നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു.