കുവൈറ്റ് സ്വദേശിവല്‍ക്കരണം: പ്രവാസി ജീവനക്കാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന്
Sunday, September 20, 2020 3:53 PM IST
കുവൈറ്റ് സിറ്റി: രാജ്യത്ത് സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കാന്‍ തീരുമാനിച്ച് സിവിൽ സർവീസ് കമ്മീഷൻ.കുവൈറ്റൈസേഷൻ നടപ്പാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ വിവരങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് സിവിൽ സർവീസ് കമ്മീഷൻ വിദ്യാഭ്യാസ മന്ത്രാലയത്തോടും അവ്കാഫിനോടും നിര്‍ദ്ദേശിച്ചു.

ആയിരക്കണക്കിന് വിദേശി തൊഴിലാളികള്‍ ക്ലര്‍ക്ക് ,ഓഫീസര്‍, അഡ്മിനിസ്‌ട്രേഷന്‍, സൂപ്പര്‍വൈസിങ് തസ്തികളില്‍ ഈ മന്ത്രാലയങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. നേരത്തെ സര്‍ക്കാര്‍ ജോലിക്കായി 10,000 ലേറെ സ്വദേശി യുവാക്കള്‍ സിവില്‍ സര്‍വീസ് കമ്മീഷനില്‍ പേര് റജിസറ്റര്‍ ചെയ്ത് കാത്തിരിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. വിദേശ ജോലിക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി നേരത്തെ പ്രവാസി സർക്കാർ ജീവനക്കാരെ സ്വകാര്യ മേഖലയിലേക്ക് വിസ കൈമാറ്റം ചെയ്യുന്നത് നിരോധിച്ചിരുന്നു. കൂടാതെ ആശ്രിത വിസകൾ സ്വകാര്യമേഖലയിലെ വർക്ക് വിസകളിലേക്ക് മാറ്റുന്നതിനും യൂണിവേഴ്സിറ്റി ബിരുദം ഇല്ലാതെ 60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നതും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. കുവൈറ്റിലെ 4.8 ദശലക്ഷം ജനസംഖ്യയില്‍ 3.4 ദശലക്ഷവും വിദേശികളാണ്.

സ്വകാര്യ മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ മന്ത്രാലയം പദ്ധതികള്‍ നടപ്പാക്കി വരികയാണ്. ഇത് സംബന്ധിച്ച് ഓരോ മേഖലയിലെയും സ്വദേശിവല്‍ക്കരണ നടപടികള്‍ വിലയിരുത്താന്‍ സര്‍ക്കാരിന് കീഴില്‍ പ്രത്യേക സമിതിയുമുണ്ട്.സിവില്‍ സര്‍വീസ് കമ്മീഷന്‍റെ തീരുമാനം പ്രാബല്യത്തിലായാല്‍ മലയാളികളടക്കം നിരവധി ഇന്ത്യകാര്‍ക്ക് പൊതു മേഖലയില്‍ തൊഴില്‍ നഷ്ടമാവും.

റിപ്പോർട്ട്: സലിം കോട്ടയിൽ