അബുദാബിയിൽ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച എട്ടു പേർ പിടിയിൽ
Saturday, September 19, 2020 11:08 PM IST
അബുദാബി: കോവിഡ് പ്രോട്ടോകോളിനു വിരുദ്ധമായി വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ചതിന് എട്ടു പേരെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. അബുദാബിയിലെയും റാസ് അൽ ഖൈമയിലെയും വിവാഹ ചടങ്ങുകളിൽ പങ്കെടുത്ത ഇവർ മുഖാവരണം ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ കൂട്ടാക്കിയില്ല എന്നതാണ് ഇവരുടെ പേരിലുള്ള കുറ്റം.

തടങ്കലിൽ കഴിയുന്ന ഇവർക്ക് ആയിരക്കണക്കിന് ദിർഹം പിഴയും തടവും അനുഭവിക്കേണ്ടി വരും. മുൻകരുതൽ നടപടികൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഒരു ലക്ഷം ദിർഹം പിഴയോ അല്ലെങ്കിൽ ആറുമാസം തടവോ ആണ് ശിക്ഷ.

കുടുംബ പരിപാടികളിൽ പത്തിൽ കൂടുതൽ പേർ പങ്കെടുക്കരുതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അത്തരം കേസുകളിൽ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും അറിയിപ്പിൽ പറയുന്നു.