കുവൈറ്റ് ഇന്ത്യൻ എംബസി പ്രതിവാര ഓപ്പണ്‍ ഹൗസ് നിര്‍ത്തിവച്ചു
Monday, September 14, 2020 6:29 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ എംബസിയിൽ ആരംഭിച്ച പ്രതിവാര ഓപ്പൺ ഹൗസ്‌ പരിപാടി താത്കാലികമായി നിർത്തിവച്ചതായി എംബസി അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്നാണ് കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്നു വന്നിരുന്ന ഓപ്പൺ ഹൗസ്‌ നിര്‍ത്തിവച്ചതെന്ന് അറിയുന്നു.

എന്നാൽ പൊതുജനങ്ങളുമായി ബന്ധപ്പെട്ട പരാതികളിന്മേൽ ഉദ്യോഗസ്ഥർ നടത്താറുള്ള കൂടിക്കാഴ്ചകൾ മുൻ കൂർ അപ്പോയിന്‍റ്മെന്‍റ് പ്രകാരം തുടരുന്നതാണെന്നും വാർത്താ കുറിപ്പിൽ അറിയിച്ചു. നേരത്തെ മുന്‍കൂട്ടി അനുമതി നല്‍കുന്നവര്‍ക്ക് മാത്രമായിരുന്നു ഓപ്പൺ ഹൗസില്‍ പങ്കെടുക്കാന്‍ അനുമതി നല്കിയിരുന്നത്.

കഴിഞ്ഞ ഓപ്പൺ ഹൗസുകളില്‍ കുവൈറ്റിലെ ഇന്ത്യക്കാരുടെ നിരവധി പരാതികള്‍ക്ക് പരിഹാരങ്ങള്‍ കണ്ടിരുന്നു. പുതിയ സ്ഥാനപതി ചുമതയേറ്റത്തിനു ശേഷം ജനോപകാരപ്രദമായ നിരവധി പദ്ധതികളാണ് എംബസിയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

കഴിഞ്ഞ ആഴ്ച ഇന്ത്യന്‍ എൻജിനിയർമാർ നേരിടുന്ന പ്രശ്‌നങ്ങള്‍ വിഷയങ്ങള്‍ ആസ്പദമാക്കിയായിരുന്നു ഓപ്പണ്‍ ഹൗസ് നടന്നത്.

റിപ്പോർട്ട്: സലിം കോട്ടയിൽ