ഇന്ത്യൻ എംബസിയിൽ "ഒരു നേരത്തെ ഭക്ഷണം' പദ്ധതി ആരംഭിച്ചു
Monday, September 14, 2020 5:17 PM IST
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ "ഒരു നേരത്തെ ഭക്ഷണം' പദ്ധതി ആരംഭിച്ചു. തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ നൽകാനെത്തുന്നവർക്ക്‌ ഒരു നേരത്തെ സൗജന്യ ഭക്ഷണം നൽകുക എന്നതാണു പദ്ധതി വഴി ലക്ഷ്യമിടുന്നത്‌.

ആദ്യ ഘട്ടത്തിൽ 20 പേർക്കുള്ള ഭക്ഷണമാണു വിതരണം ചെയ്യുക. ആവശ്യമെങ്കിൽ എണ്ണം വർധിപ്പിക്കുമെന്നു ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് വ്യക്തമാക്കി. കഴിഞ്ഞ മാസം ആദ്യ വാരം കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതിയായി സ്ഥാനമേറ്റെടുത്ത ശേഷം സിബി ജോർജ് നിരവധി പരിഷ്കാരങ്ങളാണു എംബസിയിൽ നടപ്പിലാക്കികൊണ്ടിരിക്കുന്നത്‌. നാട്ടിലേക്ക്‌ പോകാൻ വിമാന യാത്ര കൂലി ഇല്ലാതെ പ്രയാസപ്പെടുന്നവർക്ക്‌ ടിക്കറ്റ്‌ ചാർജ്, തൊഴിൽ പരാതിയുമായി എത്തുന്നവർക്ക്‌ യാത്രാ ചെലവ്‌ , മുതലായ ജനോപകാര നടപടികൾക്ക്‌ അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ഇതിനു പുറമേ വർഷങ്ങളായി മുടങ്ങി കിടന്ന ഓപ്പൺ ഹൗസ്‌ പരിപാടി പുനരാരംഭിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു എംബസിയിൽ തൊഴിൽ പരാതിയുമായി എത്തുന്നവർക്ക്‌ സൗജന്യ ഭക്ഷണം നൽകാനുള്ള പദ്ധതിക്ക്‌ തുടക്കമിട്ടിരിക്കുന്നത്‌.

റിപ്പോർട്ട്: സലിം കോട്ടയിൽ