കുവൈറ്റിൽ നാലാം ഘട്ട പദ്ധതികള്‍ ഓഗസ്റ്റ് 18 മുതല്‍
Thursday, August 13, 2020 8:45 PM IST
കുവൈറ്റ് സിറ്റി: കോവിഡ് -19 ന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവ് വരുത്തി സാധാരണ ജനജീവിത്തിലേക്ക് മടങ്ങുന്നതിന്‍റെ ഭാഗമായി പ്രഖ്യാപിച്ച അഞ്ചു ഘട്ട പദ്ധതികളില്‍ നാലാം ഘട്ടം ഓഗസ്റ്റ് 18 നു (ചൊവ്വ) മുതൽ ആരംഭിക്കും.

കോവിഡ് മൂലം നിര്‍ത്തിവച്ചിരുന്ന ഫുട്ബോള്‍ സീസണ്‍ ഓഗസ്റ്റ് 15 ന് തുടങ്ങും. അതോടൊപ്പം പൊതു ഗതാഗതം, ഹെൽത്ത് ക്ലബുകൾ, സലൂണുകൾ, ബാർബർഷോപ്പുകൾ, ടെയ് ലറിംഗ് എന്നീ സ്ഥാപനങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തനം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

നിലവില്‍ ദൈനംദിന രോഗബാധിതരുടെയും തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണത്തില്‍ അനുഭവപ്പെടുന്ന കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് ആരോഗ്യ മന്ത്രാലയം നാലാം ഘട്ടത്തിന് അനുമതി നല്‍കിയത്.

റിപ്പോർട്ട്: സലിം കോട്ടയിൽ