യാത്രാ വിലക്ക് നീക്കാൻ നയതന്ത്ര നീക്കം നടത്തണമെന്ന് ബംഗ്ലാദേശി തൊഴിലാളികള്‍
Tuesday, August 11, 2020 6:37 PM IST
കുവൈറ്റ് സിറ്റി: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ വിഷയത്തില്‍ എത്രയും വേഗം ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് തൊഴിലാളി സംഘം വിദേശകാര്യ മന്ത്രാലയത്തിനും പ്രവാസികളുടെ ക്ഷേമ, വിദേശ തൊഴിൽ മന്ത്രാലയത്തിനും മെമ്മോറാണ്ടം സമർപ്പിച്ചതായി ബംഗ്ലാദേശ് ദിനപത്രം ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. യാത്ര വിലക്ക് നിലവിലുള്ളതിനാല്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തിരികെ പോകാന്‍ സാധിക്കില്ലെന്നും പലരുടേയും വീസ കാലാവധി കാലഹരണപ്പെടുമെന്നതിനാൽ യാത്രാ വിലക്ക് നീക്കാൻ നയതന്ത്ര ശ്രമങ്ങൾ നടത്തണമെന്നും സംഘം സർക്കാരിനോട് ആവശ്യപ്പെട്ടു.

ഏഴ് മാസമായി തിരികെ പോകാന്‍ കഴിയാത്ത ധാരാളം പേർ ബംഗ്ലാദേശിൽ കഴിയുന്നുണ്ടെന്നും ഇവരില്‍ പലര്‍ക്കും ഉടൻ തന്നെ കുവൈറ്റിലേക്ക് മടങ്ങാൻ കഴിയുന്നില്ലെങ്കിൽ ജോലിയും ബിസിനസും നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും കുവൈത്ത് പ്രവാസിയായ സബൂര്‍ പറഞ്ഞു .

എനിക്ക് കുവൈറ്റിൽ ഒരു ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഷോപ്പ് ഉണ്ട്. ഉടന്‍ തന്നെ മടങ്ങാൻ കഴിയുന്നില്ലെങ്കിൽ ബിസിനസ് നഷ്‌ടപ്പെടുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. സബൂറിനെപ്പോലെ നൂറുക്കണക്കിന് ബംഗ്ലാദേശി തൊഴിലാളികളാണ് നിരവധി മാസങ്ങളായി വീട്ടിൽ ജോലിയില്ലാതെ കുടുങ്ങിയിരിക്കുന്നത്. പലരുടേയും വീസ കാലാവധി തീരുവാനിരിക്കേ യാത്രാ നിരോധനം വന്നത് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം, നിലവില്‍ നിരോധിത പട്ടികയില്‍ ഉള്‍പെട്ടിട്ടുള്ള രാജ്യങ്ങളെ ആ രാജ്യത്തെ ആരോഗ്യസ്ഥിതി വിലയിരുത്തി ഏതു സമയത്തും മാറ്റാവുന്നതും മറ്റു രാജ്യങ്ങളെ പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതുമാണെന്നും കുവൈത്ത് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിലക്കുള്ളവർ അധികൃതരെ കബളിപ്പിച്ച് കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടികളുണ്ടാകും. അത്തരക്കാരെ അവർ എത്തിയ വിമാനത്തിൽ തന്നെ തിരിച്ചയയ്ക്കും. ഭാവിയിൽ കുവൈറ്റിലേക്ക് പ്രവേശിക്കാതിരിക്കാൻ പേര് കരിമ്പട്ടികയിൽ പെടുത്തും. സൂക്ഷ്മത പാലിക്കാതിരുന്നതിന് വിമാന കമ്പനിക്ക് എതിരെ നിയമനടപടിയും പിഴയും ചുമത്തും.

ഇന്ത്യ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് കുവൈറ്റിലേക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതിന്‍റെ ഭാഗമായി ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസ് കുവൈറ്റ് മരവിപ്പിച്ചിട്ടുണ്ട്.

റിപ്പോർട്ട്: സലിം കോട്ടയിൽ