ഇഐഎ 2020 കരട് പിൻവലിക്കുക : റിയാദ് കേളി
Monday, August 10, 2020 5:37 PM IST
റിയാദ് : സംഘപരിവാർ സർക്കാരിന്‍റെ കോർപ്പറേറ്റ് പ്രീണന നയങ്ങളുടെ പിന്തുടർച്ചയായ ഇഐഎ 2020 (പാരിസ്ഥിതിക ആഘാത വിലയിരുത്തൽ) കരട് പിൻവലിക്കണമെന്നും അന്തിമ വിജ്ഞാപനം ഇറക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്നും റിയാദ് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.

പുതിയ വ്യവസായങ്ങളും മറ്റു സംരംഭങ്ങളും ആരംഭിക്കുന്നതിന് പാരിസ്ഥിതിക അനുമതിയുടെ ആവശ്യമില്ലെന്നും, ഡാമുകളുടെയും ഖനികളുടെയും റോഡുകളുടെയും വികസന പ്രവർത്തികൾ നടക്കുന്നതിന് മുൻപ് പൊതുജനങ്ങളുടെ അഭിപ്രായം ആരായേണ്ടതില്ലെന്നും മറ്റുമുള്ള പരിസ്ഥിതിയുടെ വിനാശത്തിന് കാരണമായേക്കാവുന്ന നിരവധി നിർദ്ദേശങ്ങളാണ് കരടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ലോകത്താകമാനം പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നടക്കുന്ന നീക്കങ്ങളെ തീർത്തും അവഗണിക്കുന്ന നിർദ്ദേശങ്ങൾ അടങ്ങിയ ഈ കരട് അന്തിമ വിജ്ഞാനപനമാക്കുന്നതിൽ നിന്നും കേന്ദ്രസർക്കാർ പിന്തിരിയണമെന്ന് കേളി സെക്രട്ടറിയറ്റിന്‍റെ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.