ഓൺലൈൻ പഠനം രക്ഷിതാക്കളുടെ ഉത്തരവാദിത്തം വർധിപ്പിക്കുന്നു: അബ്ദുല്ലത്തീഫ് സുല്ലമി
Sunday, August 9, 2020 10:53 AM IST
ദോഹ: മാറിയ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിൽ വന്ന ഓൺലൈൻ പഠന രീതി അധ്യാപകർക്കെന്ന പോലെ രക്ഷിതാക്കൾക്കും ഉത്തരവാദിത്തം വർധിപ്പിക്കുന്നതാണെന്ന് വിസ്ഡം എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി അഭിപ്രായപ്പെട്ടു. ഖത്തർ കേരള ഇസ്ലാഹി സെന്‍ററിന് കീഴിൽ സലത്വ ജദീദിൽ പ്രവർത്തിക്കുന്ന അൽമനാർ മദ്റസയുടെ പുതിയ അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ പഠനത്തിൽ സഹായിക്കുന്നതോടൊപ്പം അവരുടെ ഓൺലൈൻ ഇടപെടലുകളിൽ കൂടി രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു.

അറിവ് കരസ്ഥമാക്കുന്നതോടൊപ്പം തിരിച്ചറിവും നേടാൻ നാം പരിശ്രമിക്കണമെന്നും, ധാർമ്മിക പാതയിലൂടെ മുന്നോട്ട് നീങ്ങി മാതൃകാ ജീവിതം നയിക്കാൻ തയ്യാറാവണമെന്നും പ്രഭാഷണം നിർവ്വഹിച്ച വിസ്ഡം ബാലവേദി സംസ്ഥാന കൺവീനർ ശമീൽ മഞ്ചേരി കുട്ടികളോട് ആഹ്വാനം ചെയ്തു. ക്യു.കെ.ഐ.സി പ്രസിഡൻഡ് കെ.ടി.ഫൈസൽ സലഫി ചടങ്ങിന് ആശംസകൾ നേർന്നു.

വെള്ളിയാഴ്ച വൈകുന്നേരം നാലിനു ശബീറലി അത്തോളിയുടെ സ്വാഗതത്തോടെ ആരംഭിച്ച യോഗത്തിൽ പ്രിൻസിപ്പൽ മുജീബ് റഹ്മാൻ മിശ്കാത്തി അധ്യക്ഷത വഹിച്ചു. ആറുമണിക്ക് ഫൈസൽ എടത്തനാട്ടുകര നന്ദിയോടെ പരിപാടി അവസാനിച്ചു.