സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ അനുവദിക്കുന്ന കരട് നിയമം കുവൈറ്റ് പാർലമെന്‍റ് തള്ളി
Friday, August 7, 2020 9:47 PM IST
കുവൈറ്റ് സിറ്റി: കോവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ സ്വകാര്യമേഖലയിലെ ജീവനക്കാരുടെ ശമ്പളം കുറയ്ക്കാൻ അനുവദിക്കുന്ന കരട് നിയമം കുവൈറ്റ് പാർലമെന്‍റ് തള്ളിക്കളഞ്ഞു. ഇന്നു ചേര്‍ന്ന പാർലമെന്‍റ് സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിച്ചത്. 48 അംഗങ്ങൾ ബില്ലിന് എതിരായും 34 പേര്‍ അനുകൂലിച്ചും വോട്ട് ചെയ്തു. ഒരാള്‍ വിട്ടു നിന്നു.

നേരത്തെ പകർച്ചവ്യാധിയുടെ പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക പ്രത്യാഘാതത്തെ ചെറുക്കുന്നതിനായി രാജ്യത്തെ നിരവധി സ്വകാര്യ കമ്പിനികള്‍ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വരെ വെട്ടി കുറക്കുകയും ആയിരക്കണക്കിനു പേരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു . അതോടപ്പം നിരവധി തൊഴിലാളികള്‍ ശമ്പളമില്ലാത്ത അവധി എടുക്കാൻ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സാഹചര്യമായിരുന്നു രാജ്യത്ത് നിലനിന്നിരുന്നത്. പുതിയ തീരുമാനം ആയിരക്കണക്കിന് വിദേശി തൊഴിലാളകള്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നത്.

വാടക നിയമത്തിലെ ഭേദഗതികൾക്ക് പാർലമെന്‍റ് അംഗീകാരം നല്കി. പുതിയ നിയമ പ്രകാരം വാടക നൽകുന്നത് കാലതാമസം വരുത്താൻ താമസക്കാര്‍ക്ക് സാവകാശം ലഭിക്കും. കോവിഡിന്‍റെ സാഹചര്യത്തില്‍ വാടക മുടങ്ങിയാല്‍ താമസക്കാരനെ കുടിയൊഴിപ്പിക്കുന്നതിന് പകരം തവണകളായി പണമടയ്ക്കാൻ കോടതിയോട് ആവശ്യപ്പെടുവാന്‍ മാത്രമേ കെട്ടിട ഉടമക്ക് പുതിയ ബില്‍ അനുസരിച്ച് കഴിയുകയുള്ളൂ.വിവാദമായ മലേഷ്യൻ ഫണ്ട് അഴിമതി ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സഫ അൽ ഹാഷെം, ഷുയിബ് അൽ മുവൈസി , അവ്ദ അൽ അവ്ദ എന്നിവര്‍ അടങ്ങുന്ന മൂന്ന് അംഗ പാനൽ രൂപീകരിക്കുവാനും ദേശീയ അസംബ്ലി തീരുമാനിച്ചു. കമ്മിറ്റി രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.

റിപ്പോർട്ട്: സലിം കോട്ടയിൽ