ദുബായിൽ കൈക്കൂലി വാഗ്ദാനം നിരസിച്ച ഉദ്യോഗസ്ഥന്‍റെ സത്യസന്ധതക്ക് പ്രമോഷൻ
Friday, August 7, 2020 8:55 PM IST
ദുബായ്: കൈക്കൂലി വാഗ്ദാനം നിരസിച്ച ബുർ ദുബായ് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന്‍റെ സത്യസന്ധതയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചുവെന്ന് ദുബായ് പോലീസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റുചെയ്ത സൈബർ കുറ്റവാളിയെ മോചിപ്പിക്കാൻ 50,000 ദിർഹവും ഒരു ആഡംബര കാറും വിലകൂടിയ വാച്ചും പ്രതിമാസം 20,000 ദിർഹവും പ്രതിഫലമായി വാഗ്ദാനം ചെയ്തത് സർജന്‍റ് റെയ്ദ് ക്വയ്ദ് അബ്ദുൾ റഹിം നിരസിച്ചിരുന്നു.

ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലഫ്റ്റനന്‍റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മാരി, അബ്ദുൾ റഹീമിനെ ഒന്നാം സർജന്‍റ് പദവിയിലേക്ക് ഉയർത്താൻ ഉത്തരവിട്ടു.

ബർ ദുബായ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല ഖാദിം സോറൂർ അൽ മാസിം പറയുന്നതനുസരിച്ച്, ഒന്നാം സർജന്‍റ് അബ്ദുൾ റഹിം ഉടൻ തന്നെ പബ്ലിക് ഫണ്ട് പ്രോസിക്യൂഷന് റിപ്പോർട്ട് നൽകുകയും കുറ്റവാളിയുടെ സ്വത്തുക്കൾ എല്ലാം കൈമാറുന്നതിനും കൂട്ടാളികളെ വെളിപ്പെടുത്തുന്നതിനും പ്രേരിപ്പിച്ചു.

അബ്ദുൽ റഹിമിന്‍റെ സത്യസന്ധതയും സമഗ്രതയും അർപ്പണബോധവും ദുബായ് പോലീസ് ഉദ്യോഗസ്ഥരുടെ മാന്യമായ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

"ഈ പ്രമോഷൻ എന്‍റെ നെഞ്ചിലെ ബഹുമാന ബാഡ്ജായും ഞങ്ങളുടെ എല്ലാ സഹപ്രവർത്തകർക്കും എനിക്കും ഞങ്ങളുടെ പരിശ്രമം, അർപ്പണബോധം, ആത്മാർഥത എന്നിവ വർധിപ്പിക്കുന്നതിനുള്ള പ്രോത്സാഹനമായി വർത്തിക്കുന്നു,'- സർജന്‍റ് അബ്ദുൽ റഹിം പറഞ്ഞു.