ബറാക്ക ആണവനിലയത്തിന്‍റെ ആദ്യ ഘട്ടം പ്രവർത്തനക്ഷമമായി, അറബ് മേഖലയിലെ ആദ്യ നേട്ടം
Sunday, August 2, 2020 11:22 AM IST
അബുദാബി : ബറാക്ക ആണവനിലയത്തിൽ ആദ്യ ഘട്ട പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കി .നിലയത്തിലെ ആദ്യ യൂണിറ്റ് പ്രവർത്തനക്ഷമമായതോടെ സുസ്ഥിര ഊർജ്ജ ആവശ്യങ്ങൾക്കായി ആണവോർജം ഉപയോഗിക്കുന്ന ആദ്യ അറബ് രാജ്യമെന്ന നേട്ടമാണ് യു എ ഇ കൈവരിച്ചിരിക്കുന്നത് .

വൈസ് പ്രസിഡന്‍റും, പ്രധാനമന്ത്രിയും ,ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതിയുടെ ചരിത്ര നേട്ടത്തെ ട്വിറ്ററിൽ കുറിച്ചത് . ബറാക്കാ നിലയത്തിൽ ആണവഇന്ധനം നിറക്കുന്നതിലും , സമഗ്ര പരിശോധനകൾ നടത്തുന്നതിലും ,പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിലും നിലയത്തിലെ വിദഗ്ധർക്ക് കഴിഞ്ഞെന്നും ഷെയ്ഖ് മുഹമ്മദ് ട്വീറ്റിൽ അറിയിച്ചു .

നിലയത്തിലെ 4 യൂണിറ്റുകളും പ്രവർത്തന ക്ഷമമാകുമ്പോൾ രാജ്യത്തെ ആകെ ഊർജ്ജാവശ്യങ്ങളിൽ നാലിലൊന്ന് ,ആണവനിലയത്തിലെ സുരക്ഷിതവും ,സുസ്ഥിരവും, പ്രസാരണ രഹിതവുമായ മാർഗ്ഗങ്ങളിലൂടെ നേടാനാകുമെന്നാണ് കണക്കു കൂട്ടുന്നത് .

ഊർജ്ജോത്പാദന രംഗത്ത് രാജ്ജ്യം നടത്തിയ കുതിച്ചു ചാട്ടം എന്നാണ് അബുദാബി കിരീടാവകാശിയും ,യു എ ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായദ് അൽ നഹ്യാൻ ഈ നേട്ടത്തെ വിശേഷിപ്പിച്ചത് .

ജൈവ ഇന്ധനങ്ങളുടെ ജ്വലനത്തിലൂടെ ഇപ്പോൾ നടത്തുന്ന ഊർജ്ജോത്പാദനത്തിൽ സംഭവിക്കുന്ന 21 മില്യൺ ടൺ കാർബൺ വികിരണമാണ് പുതിയ നാലു ആണവ പ്ലാന്റുകൾ പ്രവർത്തനക്ഷമമാകുമ്പോൾ നിർത്തലാക്കാൻ കഴിയുന്നത് . ആദ്യ രണ്ടു യൂണിറ്റുകളുടെയും നിർമ്മാണം പൂർത്തിയായി .മൂന്നാമത്തെ പ്ലാന്റ് 92 ശതമാനവും ,നാലാമത്തെ പ്ലാന്റ് 85 ശതമാനവും പൂർത്തീകരിച്ചു .

എമിരേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ ആണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് .

റിപ്പോർട്ട് : അനിൽ സി ഇടിക്കുള