സൗദിയിൽ ആശ്വാസത്തിന്‍റെ ദിനം: ശനിയാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത് 2994 പേർക്ക് മാത്രം
Sunday, July 12, 2020 11:33 AM IST
റിയാദ്: തുടർച്ചയായി മരണവും പുതിയ രോഗികളുടെ എണ്ണവും വർദ്ധിച്ചു വരുന്നതിനിടയിൽ ആശ്വാസമായി ശനിയാഴ്ച മരണം മുപ്പതിൽ ഒതുങ്ങി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തി. 2994 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ച സൗദിയിൽ ഇതുവരെ രോഗം ബാധിച്ചത് 2,29,480 പേർക്കാണ്. ഇതിൽ 61903 പേര് മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഈ രോഗികളിൽ 2230 പേർ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിലാണ്.

2370 പേർക്കാണ് കഴിഞ്ഞ ദിവസം രോഗമുക്തിയായത്. റിയാദിൽ 11 പേരാണ് ശനിയാഴ്ച മരണത്തിന് കീഴടങ്ങിയത്. ജിദ്ദ (6), മക്ക (6), ദമ്മാം (1), ഹൊഫൂഫ് (2), തായിഫ് (2), ഖതീഫ് (1), അൽ മജാരിത (1) എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ മരണം. കഴിഞ്ഞ ദിവസം 46,842 കോവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നത്.

സൗദിയിലെ ഇരുനൂറോളം ചെറുതും വലുതുമായ നഗരങ്ങളിൽ ഇതുവരെ കോവിഡ് ബാധിച്ചു കഴിഞ്ഞതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പ്രധാന നഗരങ്ങളിലെ പുതിയ കോവിഡ് കേസുകൾ ഇപ്രകാരമാണ്. റിയാദ് 285, ഹൊഫൂഫ് 226, ജിദ്ദ 221, ദമ്മാം 211, മുബറസ് 158, തായിഫ് 152, മക്ക 88, ഖതീഫ് 86, ഹായിൽ 78, മദീന 77, ഹഫർ അൽ ബാത്തിൻ 72, അറാർ 66, ഖമീസ് മുശൈത് 62, അബഹ 51, തബൂക് 50, യാമ്പു 49, നജ്റാൻ 48, ഖോബാർ 45, സകാക 44, ബുറൈദ 43, അബ്ഖൈഖ് 43, മഹായിൽ 42, അഹദ് റുഫൈദ 35.

അതിനിടെ സൗദിയിൽ പെട്രോൾ വില വർധിപ്പിച്ചു. വെള്ളിയാഴ്ച അർധരാത്രി മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നത്. ഇത് പ്രകാരം 91 നോർമൽ പെട്രോളിന് ലിറ്ററിന് 1.29 റിയാലും 95 എന്ന പ്രീമിയം പെട്രോളിന് 1.44 റിയലുമായിരിക്കും വില. ആഗസ്റ്റ് 10 വരെ ഈ വില തുടരുമെന്ന് ആരാംകോ വാർത്താകുറിപ്പിൽ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ