അബുദാബിയിലെ എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റിംഗ് ഓഫീസ് ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍ററിൽ പ്രവർത്തനം തുടങ്ങി
Saturday, July 11, 2020 8:12 PM IST
അബുദാബി : കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുമായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ അബുദാബിയിലെ ടിക്കറ്റിംഗ് ഓഫീസ് താൽക്കാലികമായി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്‍ററിലേക്ക് മാറ്റി.

നിലവിലുള്ള ഓഫീസിൽ യാത്രക്കാർക്ക് സാമൂഹ്യ അകലം പാലിക്കുന്നതിന് ആവശ്യമായ സൗകര്യം ഇല്ലാത്തതിനെത്തുടർന്ന് അടച്ചിടേണ്ട സാഹചര്യമുണ്ടായതോടെ ഐഎസ് സി യുടെ വിശാലമായ ഹാളിൽ ടിക്കറ്റിംഗ് കൗണ്ടർ തുറക്കുന്നതിന് ഭാരവാഹികൾ അനുമതി നൽകുകയായിരുന്നു. യാത്രക്കാർക്ക് കടുത്ത ചൂടിൽ പുറത്തു കാത്തുനിൽക്കേണ്ട സ്ഥിതിയും ഇതോടെ ഒഴിവായിരിക്കുകയാണ് .

ഓരോരുത്തരുടെയും ശരീര താപനില പരിശോധിച്ച ശേഷം ടോക്കൺ നൽകി രജിസ്‌ട്രേഷൻ നടത്തുന്നു. എംബസി വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയവരല്ലെങ്കിൽ അതിനുള്ള സഹായങ്ങൾ ഇവിടെ നൽകുന്നുണ്ട് .ആദ്യ ദിനം തന്നെ നാനൂറോളം പ്രവാസികൾ ഇവിടെയെത്തിയതായി ഐ എസ് സി ജനറൽ സെക്രട്ടറി ജോജോ അംമ്പൂക്കൻ അറിയിച്ചു .

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള